07/05/2024
ഇന്ന് സൈഗാൾ പാടില്ല..!!
--------------------
ഒന്ന് ഉറങ്ങി എഴുനേറ്റ് രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് കണ്ണിൽ ഇരുട്ട് മാത്രം കണ്ടാൽ എന്താകും നിങ്ങളുടെ അവസ്ഥ...!!
അതെ,
പെട്ടെന്നൊരു ദിവസമായിരുന്നു മാഷിന്റെ കണ്ണിന്റെ കാഴ്ച പൂർണ്ണമായും ഇല്ലാതായത്..!!
പക്ഷെ
ലോകം മുന്നിൽ ഇരുട്ടു നിറച്ചപ്പോഴും
ആത്മ വിശ്വാസത്തിന്റെ പുഞ്ചിരിയിൽ
അദ്ദേഹം
അകകണ്ണ് കൊണ്ട് വെളിച്ചം തേടി...!!
പ്രതിസന്ധികളുടെ തീമലകൾ
ഒന്നിന് പുറകെ ഒന്നായി മാഷിന്റെ പിറകിൽ ഉണ്ടായിരുന്നു.
അപ്പോഴും ആ മനുഷ്യൻ തളർന്നു പോയില്ല.
കാഴ്ച നഷ്ടം ആയതിന് പുറകെ
രണ്ടു കിഡ്നിയും പ്രവർത്തന രഹിതമായി.
പിന്നെ നീണ്ട ചികിത്സകൾ.
ഇയ്യിടെയാണ്
മാഷിന്റെ മരുമകൾ അപകടത്തിൽ മരണപ്പെടുന്നത്..!
കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി മാഷിനോട് ബന്ധമുണ്ട്.
ചാവക്കാട് കേന്ദ്രമായി നടത്തുന്ന തഖ്ദീസ് വേനൽ അവധിക്കാല
ക്ലാസിൽ കുട്ടികളോട് സംവദിക്കാൻ ഞങ്ങൾ മാഷിനെ കൊണ്ടുവരാറുണ്ട്.
കാഴ്ച പോയതിനു ശേഷവും മാഷ് വരാറുണ്ട്.
പൂവിനെയും പൂമ്പാറ്റകളെയും കുറിച്ച് പറഞ്ഞു പാടി മാഷ് കുട്ടികളുടെ മനം കവർന്നു.
തീരെ കിടപ്പിലാവും വരെ അത് തുടർന്നു.
ഒട്ടേറെ തവണ കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിൽ പോയി നേരിൽ കണ്ടു സംസാരിക്കുകയും
പ്രവചക പ്രകീർത്തനം പാടിക്കുകയും ചെയ്തിരുന്ന ആ പ്രിയപ്പെട്ട പി. എച് അബ്ദുള്ള മാഷ് യാത്രയായിരിക്കുന്നു...!!
മാഷിന് മാനസികമായി ചെറിയ തളർച്ച വന്നാൽ മാഷിന്റെ വീട്ടിൽ നിന്നും വിളി വരും.
ഞാനും, സലാം,
ഷെഫീഖ് ഫൈസി,
നസീർ
എല്ലാരും കൂടി പോകും.
ഇത്ത നല്ല ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടാകും.
പിന്നെ മദ്ഹ് പറച്ചിൽ തുടങ്ങും.
മാഷിന്റെ ചുണ്ടിൽ ചിരി വിരിയാൻ തുടങ്ങും.
പിന്നെ മാഷ് പാടും.
ഉൾകണ്ണ് കൊണ്ട്
ഏതോ ലോകം കണ്ടു സൈഗാൾ
പുതിയ രാഗം തേടും.
'മാഷിന് രണ്ടു മാസത്തേക്ക് ഉള്ള എനർജി ആയി'
എന്ന് ഇത്ത പറയും.
ഒരിക്കൽ പോലും അദ്ദേഹം ആലവലാതി പറഞ്ഞില്ല.
രോഗ പീഡയിൽ ഉള്ളുരുകുമ്പോഴും
ഒരക്ഷരം കൊണ്ട്
അസ്വസ്ഥത പ്രകടിപ്പിച്ചില്ല.
അദ്ദേഹത്തിന്റെ മക്കളുടെ വിവാഹത്തിനെല്ലാം ഞങ്ങൾ ക്ഷണിക്കപ്പെട്ടു.
മകൾ
Ayisha banu ph
ആയിഷ ബാനുവിന്റെ വിവാഹത്തിന്
പാണക്കാട് മുനവ്വറലി തങ്ങളുടെ വീട്ടു മുറ്റത്തു ഒരുക്കിയ പന്തലിൽ വിവാഹശംസകൾ നേർന്നു പ്രസംഗിക്കാൻ ചുമതലപ്പെടുത്തിയത് ഈയുള്ളവനെയായിരുന്നു.
പ്രഭാഷകരും നേതാക്കളും അടങ്ങിയ വലിയ
മത/രാഷ്ട്രീയ സുഹൃദ് വലയം ഉള്ള അദ്ദേഹം
ആ സന്തോഷ ദിവസത്തിൽ എന്നെ അത് ഏല്പിച്ചു എന്നത് തന്നെ
ആ മനസിൽ ഈയുള്ളവന് നൽകിയ സ്നേഹം മനസ്സിലാക്കുന്നതായിരുന്നു.
തികഞ്ഞ സമസ്ത മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു.
രണ്ടു വേദികളിലും
കിടപ്പിലാകും മുന്നേ അദ്ദേഹം സംസാരിക്കുമായിരുന്നു.
മനോഹരമായിരുന്നു മാഷിന്റെ പ്രസംഗം.
എസ് കെ എസ് എസ് എഫ് ന്റെ
വാദീനൂർ സമ്മേളനത്തിൽ
അദ്ദേഹം റിലിക്സ് തയ്യാറാക്കിയ തീം സോങ് ആയിരുന്നു മുഴങ്ങിയത്.
പാട്ടു എഴുതുകയും
പാടുകയും ചെയ്യുമായിരുന്നു.
കേരള മാപ്പിള കല
അക്കാദമിയുടെ പ്രസിഡന്റ് ആയിരുന്നു മരണം വരേ.
ഈ റമദാനിൽ
കാണാൻ വീട്ടിൽ പോയി.
ശാക്കിർ ഫൈസി,
ഉവൈസ് യമാനി,
നസീർ എന്നിവർ കൂടെയുണ്ട്.
പക്ഷെ അദ്ദേഹം
ഇഖ്റ ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്യാൻ പോയിരുന്നു.
തൊട്ട് മുന്നേ അതെ ഹോസ്പിറ്റലിൽ
മറ്റൊരു രോഗിയെ കാണാൻ പോയല്ലോ എന്ന് സങ്കടത്തോടെ ഞാൻ ഓർത്തു.
അതെ വാർഡിൽ
എവിടെയോ അപ്പോൾ മാഷ് ഉണ്ടായിരുന്നുവത്രെ.
പക്ഷെ
അവസാന കാഴ്ച അങ്ങിനെ കാണണ്ട എന്ന് അള്ളാഹു തീരുമാനിച്ചു കാണും.
മാഷിന്റെ
മകൾ ആയിഷ ബാനു ഫോണിൽ
വിളിച്ചു മാഷിനെ തന്നു.
അതായിരുന്നു അവസാന സംസാരം...!!
ഇന്ന് മാഷിനെ അവസാനമായി കാണും.
പക്ഷെ മാഷ് ഇന്ന് പാടില്ല..!!
അല്ലഹു സ്വർഗ്ഗത്തിൽ ഇടം നൽകട്ടെ
ബഷീർ ഫൈസി ദേശമംഗലം
-----------------------
(https://www.facebook.com/share/p/aarTyMMhiKcter85/?mibextid=oFDknk)