04/09/2025
ഇന്ന് പുലർച്ചയോടെ കൊല്ലം ജില്ലയിലെ വലിയകുളങ്ങരയിൽ ജീപ്പ്, ബസ്സിലിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് മൂന്ന് പേർക്ക്. കൊച്ചി എയർപോർട്ടിൽ ബന്ധുവിനെ യാത്രയയച്ച ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും ബസിലെ നിരവധി യാത്രക്കാർക്കും പരിക്കേറ്റു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.
എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവൻ ഉറക്കമിളച്ചിട്ട് വീണ്ടും പകലും ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്.
ഡ്രൈവർ നിരന്തരമായ പ്രവർത്തിയും അംഗ ചലനവും തിരക്കേറിയ റോഡിൽ വാഹനം ഓടിക്കുമ്പോൾ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യതം കുറവാണ് എന്നാൽ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു.
സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം.
രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം...
ഉറക്കത്തിൻ്റെ ലക്ഷണം വന്നു കഴിഞ്ഞാൽ , ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് എപ്പോഴും സുരക്ഷിതം.