17/09/2026
പണ്ടത്തെ ആ വലിയ ഹീറോ സൈക്കിൾ ഓർമ്മയുണ്ടോ. സീറ്റിൽ ഇരുന്ന് കാൽ നീട്ടിയാൽ പെഡലിൽ എത്താത്ത ആ കാലത്ത്, ഫ്രെയിമിന്റെ ഇടയിലൂടെ ക്രോസ് അടിച്ച് ചവിട്ടി നടന്ന ഒരു കാലം.
ആ സൈക്കിളും കൊണ്ട് ജീവിതത്തിൽ ആദ്യമായി ഒരു വലിയ കയറ്റം കയറാൻ നിന്ന ആ നിമിഷം, താഴെ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ ആ മലയൊന്ന് കയറിപ്പറ്റുക എന്നത് ലോകത്തിലെ ഏറ്റവും വലിയ കാര്യമായി തോന്നിയിരുന്ന സമയം.
തുടക്കത്തിൽ നല്ല ആവേശത്തിലായിരിക്കും ചവിട്ടുന്നത്. പക്ഷെ കുറച്ച് മുകളിലേക്ക് എത്തുമ്പോഴേക്കും കാലുകളൊക്കെ കുഴയാൻ തുടങ്ങും. ശ്വാസം മുട്ടും, നെഞ്ച് പടപടാ ഇടിക്കും, വിയർപ്പ് തുള്ളികൾ കണ്ണിലേക്ക് വീഴുമ്പോൾ വണ്ട നിർത്തി താഴേക്ക് ഇറങ്ങി നടന്നാലോ എന്ന് പോലും തോന്നിപ്പോകും.
നമ്മുടെ ജീവിതവും ഇതുപോലെ തന്നെയാണ്. കയ്യിൽ വലിയ പണമോ വലിയ പിന്തുണയോ ഒന്നുമില്ലാതെ, സ്വന്തം സ്വപ്നങ്ങളും ചുമന്ന് ജീവിതത്തിന്റെ കയറ്റം കയറാൻ തുടങ്ങുമ്പോൾ ചുറ്റുമുള്ളവരൊക്കെ പറയും, നിന്നെ കൊണ്ട് ആവുമോ നിന്നെ കൊണ്ട് പറ്റില്ല അങ്ങനെ ഒക്കെ.
ചിലപ്പോഴൊക്കെ അതിന്റെ പകുതിയിൽ വെച്ച് മടുപ്പ് തോന്നും. പ്രഷറും സ്ട്രെസ്സും തലച്ചോറിനെ പിടിച്ചുലയ്ക്കും. നമ്മൾ ആഗ്രഹിച്ച സ്ഥലത്ത് എത്താൻ പറ്റില്ലേ എന്ന് ഓർത്ത് പേടി തോന്നും. ഒപ്പമുള്ള പലരും സുഖമായി പോകുന്നത് കാണുമ്പോൾ സങ്കടവും ധൈര്യവും ചിലപ്പോഴൊക്കെ നമ്മളെ പറ്റി പാവം തോന്നും സ്വയം.
പക്ഷെ ആ നിമിഷത്തിൽ നമ്മൾ വണ്ടി താഴെയിട്ട് തിരിഞ്ഞു നടന്നാൽ പിന്നെ ഒരിക്കലും ആ കുന്നിൻ മുകളിലെ ഭംഗി കാണാൻ പറ്റില്ല. അവിടെയാണ് നമുക്ക് വാശി വേണ്ടത്. കുറച്ച് നേരം അവിടെത്തന്നെ വണ്ടി നിർത്തി ശ്വാസമെടുക്കാം, വേണമെങ്കിൽ ഒന്ന് വിശ്രമിക്കാം, പക്ഷെ ഒരിക്കലും പുറകോട്ട് പോവരുത്.
തളർന്നു പോകുന്ന ഓരോ നിമിഷത്തിലും മനസ്സിൽ ഉറപ്പിച്ച് പറയണം, ഇനി കുറച്ചു കൂടി മാത്രം. ആ പെഡലിൽ കൊടുക്കുന്ന ഓരോ ശക്തിയും നമ്മളെ ലക്ഷ്യത്തിലേക്ക് അടുത്തേക്ക് എത്തിക്കുകയാണ്. കഷ്ടപ്പാടും കഠിനാധ്വാനവും ഒരിക്കലും വെറുതെയാവില്ല.
ഒടുവിൽ ആ കയറ്റത്തിന്റെ ഏറ്റവും മുകളിലേക്ക് സൈക്കിൾ കയറ്റി നിർത്തി ഒരു നിൽപ്പുണ്ട്. അവിടെ നിൽക്കുമ്പോൾ മുഖത്തേക്ക് അടിക്കുന്ന ആ തണുത്ത കാറ്റില്ലേ, അതാവും അന്ന് വരെ അനുഭവിച്ചതിൽ ഏറ്റവും സുഖം നൽകുന്നത്. താഴേക്ക് നോക്കുമ്പോൾ നമ്മൾ കയറി വന്ന ആ വലിയ വഴി കണ്ട് നമ്മൾ തന്നെ അത്ഭുതപ്പെടും.
ജീവിതത്തിൽ ആഗ്രഹിച്ച സ്വപ്നത്തിൽ എത്തിച്ചേരുമ്പോഴും ഈ ഒരു സമാധാനവും സന്തോഷവുമാണ് നമ്മളെ കാത്തിരിക്കുന്നത്. അന്ന് നമ്മൾ സഹിച്ച വേദനയും സ്ട്രെസ്സും പ്രഷറുമെല്ലാം ആ ഒരൊറ്റ കാറ്റിൽ പറന്നു പോകും.
അതുകൊണ്ട് ഇപ്പോൾ ജീവിതത്തിൽ വലിയ കയറ്റങ്ങൾ കയറി തളർന്നു നിൽക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒന്നും നിർത്തി വെക്കാതെ മുന്നോട്ട് തന്നെ പോവണം. നിങ്ങൾ ആഗ്രഹിച്ച ആ സുന്ദരമായ കുന്നിൻ മുകൾ വളരെ അടുത്ത് തന്നെയാണ്.