31/01/2025
രണ്ടുദിവസം മുന്നേ എന്റെ വീട്ടിലേക്ക് ഒരു യുവതിയും അവരുടെ മൂന്നു വയസ്സ് തോന്നിക്കുന്ന മകനും വന്നിരുന്നു. സാധാരണ യാചകർ വന്നാൽ ചെയ്യുന്നതുപോലെ എന്റെ വൈഫ് ഒരു പത്ത് രൂപ അവരുടെ കയ്യിൽ വച്ചു കൊടുത്തു തിരിച്ചു വീട്ടിൽ കയറി വാതിലടുക്കാൻ നേരം അവർ അവിടെ തന്നെ നിന്ന് എന്റെ വൈഫിനെ ദയനീയമായി നോക്കുന്നത് കണ്ട് അവൾ ചോദിച്ചു.. എന്തേ വിശക്കുന്നുണ്ടോ…? അവർ പറഞ്ഞു ഹാ… രാവിലെ മുതൽ ഒന്നും കഴിച്ചില്ല😢. അവൾ വേഗം അടുക്കളയിലേക്ക് ഓടി, ഉച്ചയോടെ അടുത്ത സമയം ആയതുകൊണ്ട് ഭക്ഷണം റെഡിയായി വരുന്നതേയുള്ളൂ. ബീഫ് കറി റെഡിയായിട്ടുണ്ട്, രാവിലെ പ്രാതലിന്റെ പൂരി മൂന്നെണ്ണം ഉണ്ടായത് കുറച്ചു കറിയും ഒഴിച്ച് അവൾ അവർക്ക് കൊടുത്തു. അവർക്ക് ആ ഫുഡ് മതിയായിരുന്നില്ല അവൾ അവരോട് പറഞ്ഞു നിങ്ങൾ ഇത് കഴിക്കൂ അപ്പോഴേക്കും ഞാൻ ചോറ് റെഡിയാക്കി തരാം, പെട്ടെന്ന് നെയ്ച്ചോർ ഉണ്ടാക്കാം എന്ന് വിചാരിച്ച് അവൾ വേഗം കിച്ചണിലേക്ക് പോയി. മെയിൻ ഡോർ തുറന്നു തന്നെ കിടപ്പുണ്ടായിരുന്നു ഞാൻ ഓഫീസിലേക്ക് ഇറങ്ങുന്ന സമയമായിരുന്നു. എന്റെ മക്കൾ അവിടെ കളിക്കുന്നത് കൊണ്ട് അവരുടെ സുരക്ഷയോർത്ത് മുകളിൽ അവരെയും നോക്കി ക്യാമറ ഓൺ ചെയ്തു ഞാൻ മാറി നിന്നു. എൻറെ മക്കൾ അവരുടെ കുട്ടിയെ അകത്തേക്ക് കയറ്റി ഇരുത്തി അവരുടെ കയ്യിൽ ഉണ്ടായിരുന്ന മിഠായിയും ബിസ്ക്കറ്റും അവനിക്ക് കൊടുത്തിട്ട് ടിവിയിൽ കാർട്ടൂൺ വെച്ച് കൊടുത്തു. എന്റെ നാലര വയസ്സുള്ള മകൾ അവനെ മടിയിൽ ഇരുത്തി കൊച്ചനുജനെപ്പോലെ ബുക്കും പെൻസിലും കൊടുത്ത് അവനെ സന്തോഷിപ്പിച്ചു. അപ്പോഴേക്കും എന്റെ ഭാര്യ അവർക്കുള്ള ഭക്ഷണവുമായി വന്നു ഞാൻ വീഡിയോ എടുക്കുന്നത് അവർ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിച്ചശേഷം സന്തോഷത്തോടെ അവർ പോകാൻ നേരം അവരുടെ കുട്ടി എൻറെ കുട്ടികളുടെ കൂടെ വണ്ടിയോടിച്ചു കളിക്കുകയായിരുന്നു. ഇങ്ങനെയൊക്കെ അവൻറെ ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരു അവസ്ഥ ആയതുകൊണ്ടാവാം അവൻ അവന്റെ അമ്മ വിളിച്ചിട്ട് പോവാൻ കൂട്ടാക്കിയില്ല. അവസാനം അവന്റെ അമ്മ പുറത്തു ഒളിച്ചിരുന്നു, എന്നിട്ട് എൻറെ ഭാര്യ അവനോട് പറഞ്ഞു നിന്റെ അമ്മ പോയി എന്ന്.. അവൻ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. എന്റെ മകൾ അവളുടെ പ്രിയപ്പെട്ട 🧸Teddy bear അവനിക്ക് സമ്മാനമായി കൊടുത്തിട്ട് അവനെ യാത്ര അയച്ചു..
കള്ളന്മാരും, കൊള്ളക്കാരും, പിടിച്ചുപറിക്കാരും, കൊലപാതകികളും അരങ്ങുവാഴുന്ന ഈ കെട്ട കാലത്ത്, അതൊന്നും ഓർക്കാതെ അവരുടെ വിശപ്പിനെ മനസ്സിലാക്കി അവരെ ഭക്ഷിപ്പിച്ചും അവരുടെ കുട്ടിയെ കളിപ്പിച്ചും എൻറെ ഭാര്യയും മക്കളും കൂടി അൽപനേരത്തെക്കെങ്കിലും അവർക്ക് പറ്റുന്ന രീതിയിൽ ആ പാവങ്ങൾക്ക് ഭൂമിയിലെ സ്വർഗ്ഗം സമ്മാനിച്ചപ്പോൾ അതെനിക്ക് കൺകുളിർമയായി… ചെറു കണ്ണീരോടെ ഞാൻ എന്റെ സൃഷ്ടാവിനെ സ്തുതിച്ചു…"അൽഹംദുലില്ല”….
ഞാനെന്നും പ്രാർത്ഥിക്കാറുള്ളത് പോലെ എന്റെ ഭാര്യയിലും മക്കളിലും എനിക്ക് കൺകുളിർമ നൽകണേ എന്നത് ഞാൻ അനുഭവിച്ചറിഞ്ഞു…😌
നമ്മുടെ മക്കൾ അവർ വളരട്ടെ… സമൂഹത്തിനും രാജ്യത്തിനും ഉപകാരമുള്ളവരായി… സഹജീവികളോട് അനുഗമ്പ യുള്ളവരായി… നന്മയുള്ളവരായി…
Writing by: Ashkarali Abdul Khader