04/12/2013
ശ്രീവിദ്യ ഓർമ്മയായിട്ട് ഏഴ് വർഷം
നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീവിദ്യ ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. മലയാള സിനിമയുടെ മുഖശ്രീയായിരുന്ന നടി ശ്രീവിദ്യ തെന്നിന്ത്യന്‍ സിനിമയില്‍ നായികയായും സഹോദരിയായും അമ്മയായുമെല്ലാം പ്രകാശം പരത്തിനിന്നു. എല്ലാ പ്രമുഖ നടന്മ്മാരുമായി അഭിനയിച്ച ഈ നടി മലയാളത്തിന്റെ ഭാഗ്യമായിരുന്നു. വശ്യമായ ചിരിയും കടലാഴമുള്ള കണ്ണുകളും കൊണ്ട് അവര്‍ പ്രേഷകമനസ്സില്‍ തീര്‍ത്ത സുന്ദരദൃശ്യങ്ങള്‍ കാലത്തിന്‍റെ തിരശീലക്കും മായ്ക്കാനാവാത്ത ഓര്‍മയാണ്.
തിരുവരുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു. ചെണ്ട എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. 1969ല്‍ എന്‍. ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. അന്ന് പതിനാറുകാരിയായ ശ്രീവിദ്യയുടെ നായകന്‍ സത്യനായിരുന്നു. തുടര്‍ന്ന് 850ലേറെ ചിത്രങ്ങളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. രാജഹംസം, ബാബുമോന്‍, അംബ അംബിക അംബാലിക, ഹൃദയം ഒരു ക്ഷേത്രം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വേനലില്‍ ഒരു മഴ, റൗഡി രാജമ്മ, എന്റെ സൂര്യപുത്രിയ്ക്, നക്ഷത്രത്താരാട്ട്, ഇരകള്‍, ദൈവത്തിന്റെ വികൃതികള്‍ തുടങ്ങിയവ പ്രമുഖ ചിത്രങ്ങളാണ്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്നു തവണ ശ്രീവിദ്യയെ തേടിയെത്തി. 1979ല്‍ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ അവാര്‍ഡ്. 1983ല്‍ രചന, 1992ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്നീ ചിത്രങ്ങളും ശ്രീവിദ്യയ്ക്ക് അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ കെ.ജി.ജോര്‍ജ് ചിത്രങ്ങളും ശ്രീവിദ്യയുടെ അഭിനയമികവ് കാട്ടിത്തന്നു.അഭിനയത്തിനൊപ്പം പാട്ടിലും ശ്രദ്ധിച്ച ശ്രീവിദ്യ പല ചിത്രങ്ങള്‍ക്കും വേണ്ടി പാടിയിട്ടുണ്ട്. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ പിന്നണിഗായികയുമായി. കന്നഡ ഒഴികെയുള്ള എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സിനിമയ്ക്കായി പാടി. ഒട്ടേറെ കാസറ്റുകള്‍ക്കു വേണ്ടിയും പാടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, ഹിന്ദി ഉള്‍പ്പടെ ആറ് ഭാഷകളില്‍ അഭിനയിച്ചു. ഋഷികേശ് മുക്കര്‍ജി സംവിധാനം ചെയ്ത അര്‍ജുന്‍ പണ്ഡിറ്റാണ് ആദ്യ ഹിന്ദി ചിത്രം.
ദുഖപര്യവസായിയായ സിനിമപോലെ 2006 ഒക്ടോബര്‍ 19-ന് ശ്രീവിദ്യ മരണത്തിന് കീഴടങ്ങി. ജീവിതം കലയ്ക്കു സമര്‍പ്പിച്ച ആ അതുല്യ നടി വെളളിത്തിരയ്ക്കു സമ്മാനിച്ച ഉജ്വലമുഹൂര്‍ത്തങ്ങള്‍ സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മറക്കാനാകില്ല.മലയാള സിനിമ ഇന്നും ശ്രീവിദ്യയെ ഓര്‍ക്കുന്നു. അവരുടെ കഥാപാത്രങ്ങളിലൂടെ.