22/08/2024
"രണ്ടാമൂഴം"
അധിരഥനും മഹാബലനുമായ ഭീമസേനന്റെ ജീവിത ഗാഥയിലൂടെയുള്ള സഞ്ചാരമാണ് "രണ്ടാമൂഴം"... ആരാണ് ഭീമൻ? എന്റെ ചിന്താമണ്ഡലങ്ങളിലേക്ക് ഭീമസേനൻ ആദ്യമായി കടന്നു വരുന്നത് കുഞ്ചൻ നമ്പ്യാരുടെ പണ്ടെന്നോ പാഠപുസ്തകങ്ങളിൽ പഠിച്ച ചില വരികളിലൂടെയാണ്...
"വണ്ണൻ വാഴ കണക്കെ വളർന്നൊരു
പൊണ്ണത്തടിയനിതാകിന ഭീമൻ
ഉണ്ണികളാകിന ഞങ്ങളെ വെറുതെ
ദണ്ഡിപ്പിക്കുന്നിതുമമതാതാ"
തീറ്റക്കൊതിയനും കുടവയറനുമായ ഒരു രസികനായിരുന്നു എന്റെ മനസ്സിലെ ഭീമസങ്കൽപം. പലർക്കും ഇങ്ങനെ തന്നെ ആണെന്ന് മനസ്സിലാക്കിയാവണം എം ടി പുസ്തകത്തിന്റെ എട്ടാം അധ്യായത്തിൽ ഭീമന്റെ ചില വാക്യങ്ങൾ ഇങ്ങനെ കുറിക്കുന്നു
"തോഴരെ , നിങ്ങളുടെ പൗത്രരും പിന്നെ അവരുടെ പൗത്രരും കുരുക്ഷേത്രത്തിന്റെ ഗാഥകൾ പരീക്ഷിത്തിന്റെ പിന്മുറക്കാർക്കുവേണ്ടി അഗ്നികുണ്ഡങ്ങൾക്കു ചുറ്റുമിരുന്നു പാടും. അപ്പോൾ അവരുടെ വശ്യവചസ്സുകളിൽ ഞാനാരാവുമെന്ന് എനിക്കറിയില്ല , വലിയ വയറും വലിയ വായുമുള്ള ദുര്യോധനമണ്ഡപത്തിലെ പ്രതിമയുടെ രൂപത്തിൽ ശ്രോതാക്കളുടെ മുമ്പിൽ എന്റെ ചിത്രം തെളിഞ്ഞ് ചിലപ്പോൾ അവർ ചിരിച്ചേക്കാം. അല്ലെങ്കിൽ പതിനായിരം മദ ഗജങ്ങളുടെ ശക്തിയോടെ, ആകാശത്തു ശിരസ്സു, ഭൂമിയിൽ പാദങ്ങളുമായി നിൽക്കുന്ന ഘോര രൂപം കണ്ട് അവർ നടുങ്ങിയേക്കാം എന്തായാലും അവർ ഗാഥകൾ തുടരട്ടെ.."
പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമൻ തന്റെ ജീവിതത്തിലുടനീളം രണ്ടാമനായിത്തന്നെ നിൽക്കേണ്ടി വരുന്നിടത്താണ് "രണ്ടാമൂഴം" എന്ന നാമകരണത്തിന്റെ പ്രസക്തി. ധർമ്മപുത്രൻ യുധിഷ്ഠിരനും മാദ്രീ പുത്രരായ നകുലസഹദേവന്മാരും ഇന്ദ്രപുത്രൻ അർജ്ജുനനും ചേരുന്ന പാണ്ഡവരിൽ ഒന്നാം സ്ഥാനാമെപ്പോഴും ജ്യേഷ്ഠനായ യുധിഷ്ഠിരനായിരുന്നു . അമ്മയായ കുന്തീ ദേവിയുടെ നിർദേശപ്രകാരം ദ്രൗപദിയെ (പാഞ്ചാലി) അഞ്ചു പേരും വധുവായി സ്വീകരിച്ചപ്പോഴും വൃകോദരൻ ഭീമസേനൻ രണ്ടാമനായിരുന്നു , വിവാഹത്തിന്റെ ഇരുപത്തി നാല് മാസങ്ങൾക്കു ശേഷമാണ് പാഞ്ചാലി ഭീമനെ സമീപിക്കുന്നത്. അതി ശക്തിമാന്മാരായ ഹിഡിംബനെയും ജരാസന്ധനെയും ബകാസുരനെയും ദ്വന്ദ യുദ്ധത്തിൽ വീഴ്ത്തിയ ഭീമസേനൻ പലപ്പോഴും തന്റെ വികാരങ്ങൾക്കു മുൻപിൽ അതിലേറെ ദുർവിധിക്ക് മുൻപിൽ തികച്ചും മാനുഷികമായ ചിന്തകളോടെ നിസ്സഹായനായി നിൽക്കുന്ന സന്ദർഭങ്ങളാണ് രണ്ടാമൂഴത്തിന്റെ കാതൽ , അതില്ലായിരുന്നുവെങ്കിൽ ജയസംഹിതയുടെ (മഹാഭാരതത്തിന്റെ) മലയാള വിവർത്തനമായി മാത്രമേ പ്രസ്തുത ഗ്രന്ഥം കണക്കാക്കപ്പെടുമായിരുന്നുള്ളു...
ഭീമസേനൻ ദ്രൗപതിയുടെ നിർബന്ധ പ്രകാരം സൗഗന്ധികം എന്ന പുഷ്പം കൊണ്ടുവരാൻ പോയ കഥ പ്രസിദ്ധമാണ് , രാജാക്കന്മാർക്കു പോലും കടം കൊടുക്കാൻ മാത്രം മഹാധനികനായ കുബേരന്റെ പ്രവിശ്യയിലാണ് സൗഗന്ധികമുള്ളത്, ഭീമൻ കുബേരഭൃത്യൻമാരുടെ കൈകളിലകപ്പെടുകയും പിന്നീട് യുധിഷ്ഠിരൻ സഹായത്തിനെത്തുകയും പുഷ്പങ്ങൾ ശേഖരിച്ച് പാഞ്ചാലിക്ക് നൽകുകയും ചെയ്യുന്ന ഒരു സന്ദർഭമുണ്ട്. ശേഷം പറയുന്നതിങ്ങനെ " പിന്നെ ഞങ്ങളും നടക്കാൻ തുടങ്ങി , വഴിക്കൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തണ്ടുകളോടുകൂടി ഒരു പിടി സൗഗന്ധികപ്പൂക്കൾ മണ്ണിൽ കിടക്കുന്നതു ഞാൻ കണ്ടു" വഴിയിലുപേക്ഷിക്കാനായിരുന്നോ ഭീമസേനൻ ഇത്ര ക്ലേശം സഹിച്ചത് ? അങ്ങനെ പല സന്ദർഭങ്ങളിൽ പാഞ്ചാലിയുടെ വാക്കുകൾകേട്ട് പലതും ചെയ്ത് ഇളിഭ്യനാകേണ്ടി വരുന്ന ഭീമസേനനെയും ഗ്രന്ഥത്തിലുടനീളം കാണാം . പാഞ്ചാലി എന്നും ഇഷ്ടപ്പെട്ടത് അർജുനനെ മാത്രമായിരുന്നു, അക്കാരണത്തലാണത്രെ മഹാപ്രസ്ഥാനത്തിനിറങ്ങി പുറപ്പെട്ടപ്പോൾ ആദ്യം പാഞ്ചാലി തന്നെ വീണുപോയത്...
ഹിഡിംബിയിൽ തനിക്കുണ്ടായ ഘടോൽഖചൻ എന്ന അഭിമാന പുത്രൻ കർണ്ണന്റെ ആവനാഴിയിലെ അവസാന അസ്ത്രവുമേറ്റ് കുരുക്ഷേത്ര യുദ്ധത്തിൽ മൃത്യുവരിക്കുമ്പോൾ ഇത് ആഘോഷത്തിന്റെ സമയമാണെന്ന് പറഞ്ഞ്, ഭീമപുത്രന്റെ മരണത്തിൽ സങ്കടപ്പെടാതെ കർണ്ണന്റെ ശക്തി ക്ഷയത്തിൽ സന്തോഷിക്കുന്ന കൃഷ്ണനെയും മറ്റും കണ്ടു നിൽക്കുന്ന ഒരു പിതാവിന്റെ അവസ്ഥ എന്തായിരിക്കും ! കൊടുങ്കാറ്റിന്റെ ദേവനാണ് തന്റെ പിതാവ് എന്ന് വിശ്വസിച്ച് ജീവിച്ച ഭീമൻ, ഒരു ദിവസം താൻ കാട്ടാളപുത്രനാണെന്നറിയുമ്പോൾ എങ്ങനെയാണ് പ്രതികരിക്കേണ്ടത് ! ഇത്തരത്തിൽ വികാര നിർഭരമായ സന്ദർഭങ്ങളാണ് രണ്ടാമൂഴത്തെ അനന്യമാക്കുന്നത്. അമ്മയായ കുന്തീദേവിയുടെ മനസ്സിൽ സൂക്ഷിച്ച രഹസ്യങ്ങൾ പലപ്പോഴും ഒരു വിസ്ഫോടനത്തിന്റെ ആഘാതത്തോടെയാണ് പുറത്ത് വന്നത് . ഇനിയുമെത്രയേറെ രഹസ്യങ്ങൾ എൻ മാതൃഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്നു എന്ന ആകാംഷയേറിയ ഭീമസേനന്റെ ചോദ്യം വായനക്കാരുടേതു കൂടിയാണ്. മുന്നൂറ്റി ഇരുപതിലേറെ പേജുകളുള്ള ഈ പുസ്തകം വേഗത്തിൽ വായിച്ചു തീർക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതും അതു തന്നെയാണ്.
കൃഷ്ണാദ്വയ്‌പായനൻ എന്ന വ്യാസ മഹർഷി മഹാഭാരതത്തിൽ ബാക്കി വച്ച ചില അർത്ഥഗർഭമായ മൗനങ്ങൾക്ക് ശബ്ദം നൽകുകയാണ് എം ടി ചെയ്തിരിക്കുന്നത്. രണ്ടാമൂഴം എഴുതുമ്പോൾ അദ്ദേഹം നേരിട്ട പ്രതിസന്ധികളും അതിനു പിന്നിൽ ചിലവഴിക്കേണ്ടി വന്ന പ്രയത്നവും 'ഫലശ്രുതി' എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് നിന്നും വായിച്ചറിയുമ്പോൾ 1984 ൽ എഴുതപ്പെട്ട ഈ പുസ്തകം എന്തുകൊണ്ട് പതിറ്റാണ്ടുകൾക്ക് ശേഷവും വായിക്കപ്പെടുന്നു എന്നതിന്റെ ഉത്തരം ലഭിക്കും.
നന്ദി.