06/07/2026
"ഈ നാട്ടിലെ ആർക്കും രേണുവിനോട് ദേഷ്യമില്ല; മരണത്തെ മുഖാമുഖം കണ്ടാണ് ജീവിക്കുന്നത്, എല്ലാം തികഞ്ഞ ആരുമില്ല" — ബിഷപ്പ് നോബിൾ ഫിലിപ്പ്
തല ചായ്ക്കാൻ ഒരു കൂരയും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒരു പ്രതീക്ഷയും ലഭിക്കണമെന്ന ലക്ഷ്യത്തോടെ കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം ദാനം ചെയ്ത വ്യക്തിത്വമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. പിന്നീട് രേണു സുധിയുമായും കുടുംബവുമായും പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളും നിയമപരമായ നടപടികളും ഉണ്ടായിരുന്നെങ്കിലും, അതെല്ലാം പഴയ കഥകളായി മാറ്റിവെച്ച് ഇന്ന് അവർക്കൊപ്പമാണ് താനെന്ന് ബിഷപ്പ് വ്യക്തമാക്കുന്നു.
മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് രേണുവിനെ കുറിച്ചും നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ബിഷപ്പ് മനസ് തുറന്നത്.
വീട് നിർമ്മിച്ച് താമസം തുടങ്ങിയതിന് ശേഷം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നെന്നും, തന്റെ സ്വൈര്യജീവിതം പോലും ബാധിക്കപ്പെട്ട സാഹചര്യത്തിലാണ് നിയമപരമായി മുന്നോട്ട് പോകേണ്ടി വന്നതെന്നും ബിഷപ്പ് പറഞ്ഞു. അതിന് ശേഷം രേണുവുമായും കുടുംബവുമായുള്ള എല്ലാ സൗഹൃദവും അവസാനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ രേണു തന്നെ അപമാനിച്ച സാഹചര്യങ്ങളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രേണുവിന് ഗുരുതര അസുഖമാണെന്ന് അറിഞ്ഞ നിമിഷം മുതൽ പഴയ എല്ലാ കാര്യങ്ങളും മറന്നെന്നും, അവർക്കായി പ്രാർത്ഥിക്കുകയാണ് പ്രധാനമെന്ന് കരുതിയെന്നും ബിഷപ്പ് വ്യക്തമാക്കി.
സുധിയുടെ ഓർമദിനത്തിൽ സുധിലയത്തിലെത്തി കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്ത വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ആ ദിവസം മുതൽ ഇന്നുവരെ അവസരം ലഭിക്കുമ്പോഴെല്ലാം രേണുവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാറുണ്ടെന്നും, അതിലൂടെ മനസിന് വലിയൊരു സമാധാനം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഞാനും രേണുവും തമ്മിൽ നേരിട്ട് നിന്ന് വഴക്കോ മോശം സംസാരമോ ഉണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള മറുപടികളായിരുന്നു ഉണ്ടായിരുന്നത്. അല്ലാതെ ഒരിക്കലും മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. സാഹചര്യങ്ങൾ ലഭിക്കുമ്പോഴൊക്കെയും രേണുവിന്റെ രോഗശാന്തിക്കായി ഞാൻ പ്രാർത്ഥിക്കാറുണ്ട്," എന്നാണ് ബിഷപ്പ് പറഞ്ഞത്.
രേണുവിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനങ്ങളെയും അദ്ദേഹം പരാമർശിച്ചു.
"സോഷ്യൽമീഡിയയിൽ ഉള്ളവർക്കാണ് രേണുവിനോട് ദേഷ്യമുള്ളത്. ഈ നാട്ടിലെ ആർക്കും രേണുവിനോട് ദേഷ്യമില്ല. ഞങ്ങൾക്കൊക്കെ രേണുവും കുടുംബവും പ്രിയപ്പെട്ടവരാണ്. രേണു അവർക്ക് സന്തോഷമുള്ള ജോലി ചെയ്യുന്നതിൽ എന്താണ് തെറ്റ്? എല്ലാവരും അവനവന് ഇഷ്ടമുള്ള ജോലി ചെയ്തല്ലേ ജീവിക്കുന്നത്," എന്നാണ് ബിഷപ്പിന്റെ പ്രതികരണം.
രേണുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും അദ്ദേഹം വികാരാധീനനായി സംസാരിച്ചു.
"രേണുവിന് കാൻസറാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. എന്റെ പിതാവിനും ഇതേ അസുഖമായിരുന്നു. ആ രോഗത്തിന്റെ വേദനയും ബുദ്ധിമുട്ടും എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ രേണു എത്രയും വേഗം സുഖം പ്രാപിക്കണമെന്നാണ് എന്റെ പ്രാർത്ഥന."
എല്ലാവർക്കും ജീവിതത്തിൽ തെറ്റുകളും കുറവുകളും ഉണ്ടെന്നും, അതിന്റെ പേരിൽ പരസ്പരം ചെളിവാരി എറിയുന്നതിലൂടെ യാതൊരു നേട്ടവും ഉണ്ടാകില്ലെന്നും ബിഷപ്പ് പറഞ്ഞു.
"എല്ലാം തികഞ്ഞ ആരും ലോകത്തില്ല. എല്ലാവർക്കും കുറ്റവും കുറവുകളും ഉണ്ട്. ക്ഷമിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം സുധിയുടെ മരണശേഷം കുടുംബം കടന്നുപോകുന്ന സാഹചര്യവും, റിതുലിന് പിതാവിനെ നഷ്ടമായതും, അമ്മ ഗുരുതര അസുഖത്തോട് പോരാടുന്നതുമെല്ലാം കണക്കിലെടുത്ത് രേണുവിനും കുടുംബത്തിനും എല്ലാവരും ഒപ്പമുണ്ടാകണമെന്നും ബിഷപ്പ് അഭ്യർഥിച്ചു.
ബിഷപ്പിന്റെ ഈ വാക്കുകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. പഴയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് മാനുഷികതയ്ക്ക് മുൻതൂക്കം നൽകിയ അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരിക്കുന്നത്.