05/02/2026
കണ്ണീരോടെ വിട... പ്രിയപ്പെട്ട വിഷ്ണു ഇനി ഓർമ്മ
ലണ്ടൻ : യുകെയിലെ കവന്ററിയിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വിഷ്ണു ജയകുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ വിഷ്ണുവിനെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വിഷ്ണുവിനായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് കവന്ററിയിലെ സ്വാൻ ലേക്കിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ അധികൃതർ നാട്ടിലെ കുടുംബത്തെ വിവരം അറിയിച്ചു.
ഉപരിപഠനത്തിനായി 2022-ൽ യുകെയിലെത്തിയ വിഷ്ണു ഡേറ്റ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. തുടർന്ന് പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ സ്വാൻ ലേക്കിന് സമീപത്ത് വച്ചാണ് അവസാനമായി കണ്ടത്. നിശ്ചിത സമയം കഴിഞ്ഞിട്ടും വിഷ്ണു താമസസ്ഥലത്ത് എത്താതിരുന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളും പോലീസിനെ സമീപിക്കുകയായിരുന്നു. പ്രദേശത്ത് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നെങ്കിലും ജീവനോടെ കണ്ടെത്താനായില്ല.മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.