Kuriakosey

Kuriakosey കുറിയാക്കോസേ…. ഞാൻ ഇറങ്ങുവാ അമ്മിച്ചി

08/26/2023

Panipaali Part -1 | Family Comedy Video

08/11/2023

Left Right Amnesia

08/04/2023

New Gen vs Vasanthangal

07/17/2023

ഒന്ന് കയാകിങ് ചെയ്താലോ …. .

07/15/2023

ഇത് PROMOTION VIDEO അല്ല | VLOG TROLL

07/14/2023

Tag that gathikettavan of your gang

07/08/2023

അശരിരികുളം പള്ളിയിൽ എന്തു സംഭവിച്ചു?

“വർഗ്ഗത്തിന്റെ കൊഴപ്പവാ….. ബൈബിളിൽ പഴയനിയമത്തിൽ പറേയ്ന്ന യാക്കോബിന്റെ 12 അൺ മക്കളായിരുന്നു യിസ്രായേലിലെ 12 ഗോത്രങ്ങൾ. അതിലെ പുരോഹിത വർഗമായിരുന്നു ലേവ്യ വർഗം. പുരോഹിതൻ ആകുന്നതിനു മുമ്പ് ലേവ്യയും സഹോദരനും കൂടി ചതിച്ചു കൊന്നതാ ശേഖേമിനെയും ഹാമോരിനെയും. എന്നിട്ട് പട്ടണം മുഴുവൻ കൊളള അടിച്ചു. ആ കൊണം കാണിക്കാതെയിരിക്കുവോ? രക്തത്തിൽ കാണും. അല്ലെങ്കിൽ ഇങ്ങനെ ചെയ്യുവോ?”

അശിരികുളം വലിയപളളിയുടെ മുറ്റത്തെ പേരറിയാത്ത തണൽമരത്തിന്റെ ചുവട്ടിൽ ഇരുന്ന് പൗലോ മാഷ് ഇങ്ങനെ പറഞ്ഞു.

പൗലോ മാഷിനു ചുറ്റും കേട്ട് നിന്നവരെല്ലാം വിറങ്ങലിച്ചു നിൽക്കുകയാണ്. നാട്ടിൽ ഇത് വരെ കേട്ട് കേൾവി പോലും ഇല്ലാത്ത എന്തോ നടന്നിട്ടുണ്ടാവും ഉറപ്പാ.!

“എന്നാലും ഇമ്മാതിരി കൊണവതികാരം നമ്മടെ ഇടവകയിലിരുന്ന് കാണിച്ചത് മോശമായ് .ആ മനുഷ്യന് ഇട്ടിരിക്കുന്ന ളോഹയോട് കുറച്ചേലും കൂറ് ഉണ്ടാര്ന്നേ ഈ തന്തായിലാത്തരം കാണിക്കേല്ലാര്ന്നു.”

“ഒന്ന് മിണ്ടാതിരി ലോനാ. അച്ചന്മാരെ കുറിച്ച് പറയുമ്പോൾ സൂക്ഷിക്കണം. ഇല്ലേൽ നരകത്തിലെ തീച്ചൂളയിൽ കിടന്ന് ഡാൻസ് കളിക്കേണ്ടി വരും. ഇതിന് മുമ്പ് ഇരുന്ന ക്യാൽവിനച്ചനെ പൊതുയോഗത്തിൽ പരസ്യമായി തെറിവിളിച്ചേന്റ പിറ്റേ പൊതുയോഗം കൂടാൻ ജോൺസൺ ഇല്ലാരുന്നു. അവസാനം ചവാതെ മേപ്പോട്ട് നോക്കി കിടന്ന അവൻ വീട്ടുകാർക്ക് ഭാരമായപ്പോൾ , ആ ക്യാൽവിനച്ചന്റെ കാലു പിടിച്ചു അന്ത്യ കുർബാന കൊടുപ്പിച്ചേച്ചാ മേലോട്ട് പോയേ. അത് കൊണ്ട് പാതിരിമാരെ തൊട്ടു കളിക്കുമ്പോ സൂക്ഷിക്കണം.”

“ഡേവിച്ചാ കർത്താവിനെ പേടിച്ച പോരെ ഇവനെ ഒക്കെ എന്തിനാ പേടിക്കുന്നേ. പിന്നെ ക്യാൽവിനച്ചനൊക്കെ നല്ല അമ്പോറ്റി അച്ചനാരുന്നു. ആ മുഖത്തോട്ട് നോക്കുമ്പോൾ ഈശോയെ കാണുന്ന പോലെ തോന്നും. ഇവനൊക്കെ വെറും ഫ്രോഡ് !….”

പൗലോ മാഷ് ഡേവിച്ചൻറെയും ലോനയുടെയും സംസാരത്തിനു തടയിട്ടുകൊണ്ട് പറഞ്ഞു.

“എന്തായാലും കുറച്ചു കഴിയുമ്പോൾ പോലീസെത്തും. അറസ്റ്റ് നടക്കും. പള്ളിക്കും, നമ്മള് വിശ്വാസികൾക്കും, അതൊരു ക്ഷീണമായിരിക്കും. എത്ര തേച്ച് മായ്ച്ചാലും പള്ളീടെ ചരിത്രത്തീന്ന് ആ ചോരക്കറ മായൂല്ല…”

ഇതെല്ലാം കേട്ടുകൊണ്ട് സംസാരശേഷിയില്ലാത്ത ഞാൻ അവരുടെ കൂട്ടത്തിലുണ്ടായുരുന്നു. എന്റെ പേര് ‘സക്കറിയ’. ഊമയായെതു കൊണ്ട് എല്ലാവരും ‘പൊട്ടൻക്കറിയേ..’ എന്ന് വിളിക്കും. എനിക്കു സെന്റ് മേരീസ് ബൈബിൾ പ്രസ്സിലാ പണി. അവിടെ പേപ്പറിൽ അച്ചടിച്ച ബൈബിളിനെ വർണശബളമായ ഗ്ലിറ്ററുകൾ കൊണ്ട് പൊതിയും. ഈ ലോകത്ത് ആ ജോലി ഏറ്റവും നന്നായി ചെയ്യുന്നത് ഞാനാണെന്ന് എന്റെ അമ്മച്ചിയും, പ്രസ്സിന്റെ മൊതലാളി തോമാച്ചായനും പറയും. ബൈബിൾ പ്രസ്സിലാണെങ്കിലും ഇന്നേവരെ ബൈബിൾ മുഴുവനായി ഞാൻ വായിച്ചിട്ടില്ല. എന്നു ഞാൻ ബൈബിൾ വായിച്ചു തീർക്കുന്നോ! അന്നു മുതല് എനിക്ക് സംസാരിക്കാൻ പറ്റുമെന്നാണ് അമ്മിച്ചി പറഞ്ഞിട്ടുള്ളത്.! എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് പള്ളിയിൽ എല്ലാവരും ആമേൻ പറയുമ്പോൾ എന്റെ ശബ്ദത്തിൽ ഉറക്കെ 'ആമേൻ ' പറയണമെന്നത്. എത്ര തവണ രാത്രിയിൽ ആ സ്വപ്നം കണ്ട് കരഞ്ഞിട്ടുണ്ട് ഞാൻ. ജിവിതത്തിൽ എപ്പോഴെങ്കിലും ബൈബിള് വായിച്ചു തീർക്കണം. പക്ഷേ ഒരു കാര്യമുണ്ട് എനിക്ക് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയില്ല. അത് ഇമ്മാനുവേലച്ചൻ പഠിപ്പിക്കാം എന്നാണ് പറഞ്ഞത്. ഹാ അതൊക്കെ വിട് ഇവിടുത്തെ കാര്യം നോക്കാം.

എനിക്കു പലപ്പോഴും ഇന്നാട്ടുക്കാർ പറയുന്നതിന്റെ പൊരുൾ മനുസ്സിലാകാറില്ല. ഇത്രയും നേരത്തെ സംഭാഷണങ്ങൾ വെച്ച് നോക്കുമ്പോൾ ഇവർ പറയുന്നത് ഇമ്മാനുവൽ അച്ചനെക്കുറിച്ചാണ്. അച്ചന് എന്തുപറ്റി? എന്തിനായിരിക്കും പുള്ളിയെപ്പറ്റി മോശം പറയുന്നത്? ഇവരോട് ചോദിച്ചാലോ? വേണ്ട എന്നെ കളിയാക്കി വിടും വെറുതെ എന്തിനാ വേദനിക്കുന്നെ. പള്ളിയിലേക്ക് പലയിടത്തു നിന്നും ആളുകൾ വന്നു കൊണ്ടിരിക്കുന്നു. അതിൽ ഒരാൾ, കൂടെ വരുന്ന ആളോട് പറയുന്നത് കേട്ടു.

"കവലയിലൊക്കെ ഇപ്പളാ അറിഞ്ഞെ. ആളുകൾ കടകൾ എല്ലാം അടച്ച് പള്ളിയിലേക്ക് വരുവാ പെട്ടെന്ന് വാ ഇല്ലേൽ ശരിക്ക് കാണാൻ പറ്റില്ല"

എന്തായിരിക്കും ഇവനു കാണേണ്ടത്. അല്ല മാഷ് പറഞ്ഞ പോലെ പോലീസ് വരും, അവർ വന്ന് അച്ചനെ എന്തെങ്കിലും ചെയ്യുമായിരിക്കും. അതിപ്പോൾ എന്ത് കാണാൻ ആണ്? ആ?

പള്ളി മുറ്റത്ത് ആളുകൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് നിൽക്കുകയാണ്. ഓരോ ഗ്രൂപ്പും ഓരോ വട്ടമായിയാണ് നിൽക്കുന്നത് . ആ വട്ടത്തിൽ നിന്ന് ഒരാൾക്ക് പുറത്തേക്ക് പോകാനോ അകത്തേക്ക് വെറൊരാള്ക്ക് വരാനോ സാധിക്കില്ല. ആ വട്ടങ്ങളിൽ എല്ലാം കൊണ്ടുപിടിച്ച ചർച്ച നടക്കുകയാണ്. ആ വട്ടങ്ങളിൽ എനിക്ക് ഒരു കൗതുകം തോന്നി . അതായത് അവ ഓരോന്നും നിറത്തിന്റെയും, പണത്തിന്റെയും, ജാതിയുടെയും അടിസ്ഥാനത്തിലാണ് രൂപപ്പെട്ടിട്ടുളളത്. മനുഷ്യർക്ക് എവിടെ ചെന്നാലും ഇങ്ങനെ രൂപപെടാൻ ഒരു പ്രത്യേക കഴിവ് ഉണ്ട്. ഇവയിലൊന്നും പെടാതെ ഞാൻ മാറി നടന്നു. മൊത്തത്തിൽ എല്ലാവരെയും നോക്കി. എനിക്കു തോന്നി ഞാൻ എന്തിനാ ചിന്തിച്ചു കഷ്ടപ്പെടുന്നത്? നേരെ ചെന്ന് ഇമ്മാനുവേൽ അച്ചനോട് ചോദിച്ചാൽ പോരേ. ഞാൻ ആ വട്ടങ്ങളുടെ ഘടനയെ വേദനിപ്പിക്കാതെ അച്ചന് പളളി അനുവദിച്ചു കൊടുത്ത പാരീഷ് ഹാളിലേക്ക് നടന്നു. അതിന് മുമ്പിൽ എത്തി

“എന്താടാ പൊട്ടാചെറുക്കാ... എന്തിനാ ഇങ്ങോട്ട് വന്നെ?”
മാത്തൻ കപ്യാര് ചോദിച്ചു.

അച്ചനെ ഒന്ന് കാണണം എന്ന് ആംഗ്യം കാണിച്ചു.

“അതൊന്നും പറ്റൂല്ല നീ ഇവിടുന്ന് പോക്കോ ഇവിടെ വലിയ പ്രശനം നടക്കാൻ പോവാ.”

അകത്ത് എന്താ നടക്കുന്നെ എന്ന് ഞാൻ ആംഗ്യത്തിൽ ചോദിച്ചു.

“അകത്ത് നിന്റെ അമ്മച്ചി അപ്പച്ചന്റെ പേറ് എടുക്കുവാ. ഓടി പോടാ പൊട്ടക്കറിയാ”

അത് കേട്ടപ്പോൾ ആദ്യം നെഞ്ചിലേക്ക് എന്തോ ഇറ്റിറ്റു വീണു , മുകളിലെത്തെ പല്ലിൽ അതായത് മീശയുടെ അകം ഭാഗം എന്ന് പറയാവുന്നിടത്ത് ഉപ്പ് രസം തോന്നി. മൂക്കിൽ നിന്ന് മൂകളയും കണ്ണിൽ നിന്നു നീരും വന്നു. എന്റെ ശരീര ഭാഗങ്ങൾക്ക്, അയാളുടെ സംസാരം വേദന നൽകിയെന്ന് തോന്നുന്നു. പക്ഷേ എന്റെ മനസ്സിനു അത് ശീലമായിരുന്നു. ഞാൻ ഒരു മറുപടിക്കും നിക്കാതെ അവിടെ നിന്നും നടന്നുപോയി. അകത്ത് എന്തായിരിക്കും നടക്കുന്നത് എന്ന് അറിയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ആരും കാണാതെ സെമിത്തേരി പറമ്പ് ചാടി കടന്നു. അവിടെ നിന്നും നടന്ന് ആ വീടിന്റെ (പാരിഷ് ഹാള്) പുറകിലെത്തെ കോണിലെത്തി. അവിടുത്തെ ഒരു ജനാലപാളിയിൽ നിന്ന് ഞാൻ ഒളിഞ്ഞു നോക്കി. പള്ളി പ്രമാണിമാരായ എല്ലാവരും വട്ടം കൂടി നിൽക്കുന്നുണ്ട്. അച്ചനെ അകത്തെ ഒരു കസേരയിൽ കെട്ടി ഇട്ടിരിക്കുകയാണ്.

“ഹോ കുർബാന ചൊല്ലുന്ന ഒരു മനുഷ്യന് ചെകുത്താൻ ആകാൻ പറ്റുവോ? നിങ്ങൾ നാടിനു മാതൃക ആകേണ്ട ആൾ അല്ലെ. നിങ്ങൾ ഇത്രയും താഴോട്ട് പോകരുതായിരുന്നു.”

സെന്റ് മേരീസ് പ്രസ്സിന്റെ മൊതലാളി തൊമാച്ചായൻ ഇത് പറഞ്ഞപ്പോൾ അച്ചൻ കരഞ്ഞു പോയി.

“ഇങ്ങനെ കൊറെ എണ്ണങ്ങൾ ഇറങ്ങിട്ടൊണ്ട് നല്ല പാതിരിമാർടെ വില കൂടി കളയാൻ.”

തോമാച്ചായന്റെ മകൻ പറഞ്ഞു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവിടെ ഒരു നിശബ്ദതയുണ്ടായി. എല്ലാവരും നടന്ന സംഭവത്തിന്റെ ആഘാതത്തിലായിരുന്നു എന്ന് എനിക്ക് മനസ്സിലായി. ആ നിശബ്ദതയിലും അച്ചന്റെ കരച്ചിൽ ചെറുതായെങ്കിലും എന്നെ അലോസരപ്പെടുത്തി. ഞാൻ അപ്പോഴാണ് അച്ചന്റെ ചെള്ളയിലെ ചുവന്ന പാടും , ളോഹയിലെ കീറലും ശ്രദ്ധിച്ചത്. പാവം കഷ്ടം തോന്നി. എന്ത് തെറ്റ് ചെയ്തിട്ടായിരുന്നാലും ദേഹോപദ്രവം ഏൽപ്പിക്കാതെ ഇരിക്കാമായിരുന്നു.

ആ സമയം പുതിയ ഒരു പ്രമാണി അവിടേക്ക് വന്നത് ഞാൻ കണ്ടു. പുതിയവീട്ടിൽ ഔതാ.

“എന്താടോ ശരിക്കും ഉണ്ടായെ?”

“അച്ചൻ തന്നെ പറ”

ഇമ്മാനുവേലച്ചൻ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടേയിരുന്നു

“മേരികൊച്ചിനെ അച്ചൻ....!”
തൊമാച്ചായന്റെ മകൻ പറഞ്ഞു തുടങ്ങി.

മാത്തൻ കപ്യാര് ഓടി വന്നിട്ട്
"പോലീസ്ക്കാർ എത്തി"

അച്ചൻ കരച്ചിൽ നിർത്തി ഞെട്ടലോടെ കപ്യാരെ നോക്കി. താൻ കാത്തിരുന്ന നേരം വന്ന പോലെ ഞെട്ടലിൽ നിന്ന് സ്വാഭാവികതയിലേക്ക് മാറാൻ അദ്ദേഹം ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

പക്ഷേ എന്റെ മനസ്സിൽ അപ്പോഴാണ് ‘മേരികൊച്ച്’ എന്ന് തൊമാച്ചൻറെ മകൻ പറഞ്ഞത് ഓർമ്മ വന്നത്. മേരി കൊച്ച് 13 വയസ്സുളള കറുത്ത് സുന്ദരിയായ കുട്ടിയാണ് അവൾ. അവളുടെ പതിഞ്ഞ മൂക്കും , മുച്ചിറിയും അവളുടെ സൗന്ദര്യത്തിന് ഒരു മുതൽ കൂട്ടാണ്. ഒരിക്കൽ കണ്ടാൽ മറക്കില്ല അതുപോലെത്തെ കണ്ണുകളുമാണ്. എന്റെ അമ്മ ഇന്നാട്ടിലെ വയറ്റാട്ടിയാണ്. അങ്ങനെ ഒരു വേലക്കാരി സ്ത്രിയുടെ വയറ്റിൽ പിറന്നതാണ് മേരി. അമ്മ എന്നും പറയും, സൂര്യൻ ജ്വലിച്ചു നിൽക്കുന്ന ഒരു ഉഷ്ണകാലത്തെ പകലാണ് മേരി ജനിക്കുന്നത്. പൊള്ളുന്ന ചൂടിൽ മേരീടെ അമ്മ നടത്തിയ യുദ്ധത്തിൽ അവർ വിജയിച്ചു. പക്ഷേ സ്വന്തം ജീവൻ ബലി കൊടുക്കേണ്ടി വന്നു. അതിന് ശേഷം അവളുടെ അച്ഛൻ ഇറങ്ങി പോയി. ഞങ്ങളുടെ വീട്ടിലാണ് അവൾ കഴിഞ്ഞത്. എന്റെ അമ്മച്ചിയുടെ മകളായി. എന്റെ മേരി പെങ്ങൾ ആയി.

ഇത് ആലോചിക്കുമ്പോൾ ഞാൻ സെമിത്തേരി പറമ്പും മതിലും കടന്ന് പള്ളിമുറ്റത്ത് എത്തിയിരുന്നു. പോലീസ് അച്ചനെയും അവളെയും കൊണ്ട് പോകുന്നു. എന്റെ പെങ്ങളെയും എനിക്ക് അക്ഷരം പറഞ്ഞു തരാമെന്ന് പറഞ്ഞ ഇമ്മാനുവേലച്ചനെയും.! നെഞ്ചിനുള്ളിൽ ഒരു വേദന തോന്നി.
അപ്പോൾ ലോനാ പറഞ്ഞു തുടങ്ങി "എനിക്ക് പണ്ടേ തോന്നിയതാ ഇങ്ങേര് ഒരു പെണ്ണു പിടിയനാണെന്ന് " . അത് കേട്ടപ്പോൾ എനിക്ക് തിരുത്തണമെന്നുണ്ടായിരുന്നു. കാരണം, ഇന്നലെ കൂടി കടയിൽ ഇരുന്ന് തൊമാച്ചായനോട് സംസാരിച്ചതാ ലോന " ഈശോയുടെ പ്രസരിപ്പാ നമ്മടെ ഇമ്മാനുവേലച്ചന്" എന്ന്. പക്ഷേ ഞാൻ തിരുത്തിയില്ല. പകരം ഞാന് അവരെ രണ്ടിനെയും നോക്കി.
അച്ചൻ കരയുന്നുണ്ടായിരുന്നു എന്നാല് അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി പോലും വരുന്നില്ല. വട്ടം വട്ടമായി നിന്നവർ കൂട്ടമായി അലറുന്നു, അസഭ്യം ഉറക്കെ വിളിച്ചു പറയുന്നു, കല്ലെറിയുന്നു.

ആൾക്കൂട്ടത്തിൽ ഏതോ ഒരുത്തന്റെ ശബ്ദം മുഴച്ചു കേട്ടു

"ആ തേവിടിശ്ശിയുടെ തന്റേടം കണ്ടില്ലേ"

പിന്നെ എല്ലാവരും കൂടി ആർത്ത് വിളിച്ചു

"എറിഞ്ഞ് കൊല്ലവളെ"

കല്ലുകളുടെ എണ്ണം കൂടി, പോലിസിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവളുടെ തല പൊട്ടി ചോര വന്നു തുടങ്ങി അപ്പോഴും അവൾ കരഞ്ഞില്ല. പതിയെ മേരി ബോധം കെട്ടു വീണു. ഇതൊക്കെ തിക്കിനും തിരക്കിനുമിടയിൽ കണ്ട് നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.

അന്ന് തന്നെ മേരി മരിച്ചു , അച്ചനെ പിന്നീട് തൂക്കി കൊന്നു.

അശരിരികുളത്ത് അധികമാരും അവരെ ഓർത്തില്ല. അമ്മച്ചി മരിക്കുന്നത് വരെ പറയുമായിരുന്നു.

"അച്ചന് അവളെ സ്വന്തം മകളെ പോലെ ആയിരുന്നു . ഒരിക്കലും അച്ചൻ അത് ചെയ്യില്ല. മറ്റ് ആർക്കോ വേണ്ടി അങ്ങേര് അത് ഏറ്റതാ എനിക്ക് അങ്ങനാ തോന്നുന്നെ"

ആർക്കോ വേണ്ടി? അത് ആർക്കു ആയിരിക്കും?.

ഡേവിച്ചൻ പറയും.
"പള്ളിയില് എണ്ണമറ്റ ശത്രുക്കൾ ഉണ്ടായിരുന്നല്ലോ അച്ചന്, അവരിൽ ആരോ കുടുക്കിയത് ആകും. "

ആരാണ് ഇമ്മാനുവേലച്ചനെ കുടുക്കിയത്?

ആരോടും മിണ്ടാത്ത എന്റെ മനസ്സിൽ എത്ര ചിന്തിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആണ് ഇതൊക്കെ. ഇതിന്റെ സത്യങ്ങൾ ഞാൻ അറിയണമെങ്കിൽ, ഞാൻ മരിച്ച് ആത്മാകണം. അപ്പോൾ എനിക്ക് അച്ചനെയും മേരി കൊച്ചിനെയും കാണാം. മരിക്കാൻ പേടിയായിരുന്നു എനിക്ക്, പിന്നെ ആത്മഹത്യ ചെയ്താൽ അവരെ കാണാൻ പറ്റില്ലെന്ന് അമ്മച്ചിയും പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ 75 കൊല്ലം കഴിഞ്ഞ് ജീവിതം കിടക്കയിലായി. ഒരു ദിവസം നിനിച്ചിരിക്കാത്ത നേരത്ത് ശ്വാസതടസ്സം അനുഭവപ്പെട്ടു. ആറാം വാരിയെല്ലിലൂടെ വലിച്ചു ശ്വാസം എടുക്കാൻ തുടങ്ങി. മക്കളും പേരമക്കളുമെല്ലാം എല്ലാം വന്ന് ചുറ്റും നിന്നു. അപ്പോഴാണ് ഞാൻ ഈ കാര്യങ്ങളെല്ലാം വീണ്ടും ഓർത്തത്. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ പോകുന്നു. അവസാനത്തെ ശ്വാസം വലിച്ചപ്പോൾ സന്തോഷത്താൽ ചിരിച്ചു പോയി. പിന്നെ പെട്ടെന്ന് കണ്ണിൽ ഇരുട്ടായി. ഞാൻ അന്ധകാര ചുഴിയിൽ അകപ്പെട്ടു. അതിനൊരു അവസാനം ഇല്ല എന്ന് തോന്നി. അല്പനേരം ഇരുട്ടിൽ ഇരുന്നപ്പോൾ ദൂരെ എങ്ങോ ചെറിയൊരു വെളിച്ചം തോന്നി. അവിടേയ്ക്ക് ഞാൻ ഓടി, ഓടും തോറും ദൂരം കൂടി. സത്യത്തിൽ ഓടുകയാണോ എന്ന് അറിയില്ല അന്ധകാരത്തിൽ അകപ്പെട്ട് ഇരിക്കുകയാണല്ലോ. അങ്ങനെ ആ ചെറിയ വെളിച്ചം എന്റെ അടുത്തെത്തി. അതൊരു ജാലകമായിരുന്നു. അത് തുറന്നു. വലിയതോതിൽ വെളിച്ചം കണ്ണിലേക്ക് അടിച്ചു, എനിക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ശരീരം മുഴുവൻ എന്തോ കുത്തി കൊള്ളുന്നത് പോലെ തോന്നി. പതിയെ കണ്ണുകൾ തുറന്നു. വലിയ ജനസമുദ്രം ഞാൻ കണ്ടു. മലനിരകള് നിറയെ വെള്ളപ്പൂക്കള് മൂടിയിരിക്കുന്നതും കണ്ടു. താഴെ മുഴുവന് കൃഷിനിലങ്ങളുമാണ്. ഇവിടെ നമ്മുടെ നാടിനെക്കാളും ജനത്തിരക്കാണ്. മേരി കൊച്ചിന്റെ അടയാളം വെച്ച് ഒരുപാട് പേരോട് അന്വേഷിച്ചു, ആർക്കും ഒരു വിവരവുമില്ല. ഒടുവിൽ 35ആം വർഷം ഞാൻ കണ്ടെത്തി. എന്റെ കണ്ണുകൾ നിറഞ്ഞു പോയി വേഗം. എന്നെ കണ്ടതും മേരി കൊച്ച് ചോദിച്ചു

“എന്താ താമസിച്ചെ?”

“ഈ ആൾക്കൂട്ടത്തിൽ നിന്ന് നിന്നെ കണ്ടു പിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി. അവിടെത്തെ പോലെ ഇവിടെ ഓരോ കൂട്ടം കൂട്ടം അല്ലല്ലോ എല്ലാം കൂടി ഒന്നിച്ചല്ലെ അത് കൊണ്ടുളള പാടാ.”

“ചോദിക്കൂ.... എന്താ അറിയേണ്ടേ?”

“ആർക്ക് വേണ്ടിയാ അച്ചൻ അന്ന് അത് ഏറ്റത്?”

നിർവികാരതയോടെ അവൾ കേട്ട് നിൽക്കുന്നു.

“ആരാ അച്ചനെ കുടുക്കിയത്?”

“ഉത്തരം പറയട്ടെ?”

“ഹാ പറയൂ.....”

“അച്ചനെ ആരും കുടുക്കിയതല്ല. അച്ചൻ ആർക്കും വേണ്ടി ഏറ്റതുമല്ല”

“പിന്നെ …”

അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നു.

“അപ്പോ അച്ചനാണോ നിന്നെ പീഡിപ്പിച്ചെ?”

അവൾ ചിരിച്ചതിനുശേഷം

“എന്നെ ആരും പീഡിപ്പിച്ചിട്ടില്ല. പള്ളി മുറ്റത്ത് വെച്ച് അച്ചൻ എന്റെ നെറ്റിയിൽ ചുംബിച്ചു.”

“ങേ!!!!!!” (ഞെട്ടലോടെ) “അതിനാണോ ഇത്രയും പ്രശ്നം ഉണ്ടായേ. അതിലെന്താ കൊഴുപ്പം”

“സക്കറിയ ...നിനക്ക് ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നു. അതു കൊണ്ട് ഊമനായ നീ സ്വർഗ്ഗത്തിൽ സംസാരിക്കുന്നു!!!.........”

എഴുത്ത്: കുറിയാക്കോസ്

06/24/2023

ആകാശത്തിലെ വേരുകൾ

എന്റെ കട്ടിലിനോട് ചേർന്നാണ് ജനാല. അതിൽ കിടന്ന് കമ്പികൾക്ക് ഇടയിലൂടെ ഞാൻ ആകാശത്തിലേക്ക് നോക്കും. രാത്രിയിലും സന്ധ്യ സമയത്തും മിന്നൽ ഉണ്ടായാൽ കാണാൻ നല്ല രസമാണ് , ആകാശത്ത് വേരുകൾ പോലെ എന്തോ തെളിഞ്ഞു ഇല്ലാതാകുന്നത് കാണാം. ആ കാഴ്ച ഞാൻ വല്ലാതെ ആസ്വദിക്കാറുണ്ട്. ഞാൻ അവയെ മനസ്സിൽ വിളിക്കുന്നത് 'ആകാശത്തിലെ വേരുകൾ' എന്നാണ്. നമ്മൾ കാണുന്ന ആകാശത്തിലെ വേരുകളുടെ മരങ്ങൾ സ്വർഗത്തിലാകാം നിലകൊള്ളുന്നത്.
ജനാലയിലൂടെ മണ്ണിലേക്ക് നോക്കിയാൽ അവിടെ എല്ലാം കപ്പയാണ് , ഒരു ചെറു പ്രദേശം മുഴുവൻ 'കപ്പ' നട്ടിരിക്കുന്നു. അവയുടെ നീളം രണ്ടാം നിലയിലെ എന്റെ ജനാലയോളം എത്തിയിട്ടുണ്ട്. ഈ കപ്പ തോട്ടത്തെ ഭംഗിയായി വളർത്തുന്നത് 'ഉപ്പുട്ടായി' ആയിരുന്നു. ശരിക്കും ആ മനുഷ്യന്റെ പേര് കുട്ടപ്പായി എന്ന് ആണ്. ചെറുപ്പത്തിൽ ഞങ്ങളുടെ വീട്ടിലെ പറമ്പിൽ പണി ചെയ്യുമ്പോൾ ഞാൻ വിളിച്ചതാണ് ഉപ്പുട്ടായി എന്ന്. കുഞ്ഞു നാവിന് കുട്ടപ്പായിയെക്കാൾ വഴങ്ങിയത് ഉപ്പുട്ടായി ആയിരുന്നു. പിന്നെ ഞാൻ അത് മാറ്റിയില്ല, പുള്ളി ആ വിളി കേൾക്കുമ്പോൾ എന്നെ സ്നേഹത്തോടെ നോക്കി ചിരിക്കും.

മോളെ.....

ആരോ വിളിച്ചു. ഞാൻ വൈകുന്നേരത്തെ ചായ അമ്മയുടെ കൈയിൽ നിന്നും വാങ്ങി അടുക്കളയിൽ നിന്ന് പുറത്തേക്കു ഇറങ്ങുന്ന പടിയിൽ ഇരിക്കയായിരുന്നു.

എന്തോ?. വിളി കേട്ടു

ചാറ്റൽമഴ ചാറുന്നുണ്ടായിരുന്നു. പിടി പോയൊരു കറുത്ത കുട തലയിൽ വെച്ച് തോർത്ത് മാത്രം ഉടുത്ത് ഒരാളെ കണ്ടു.

ഹാ ഉപ്പുട്ടായീയോ..... എന്നാ ഒണ്ട്?

ഉപ്പുട്ടായി എന്നത്തേയും പോലെ പല്ലിലെ വിടവ് കാട്ടി ചിരിച്ചു.

ഒന്നീല്ല മോളെ ഞാൻ അപ്പറത്തെ പറമ്പിൽ പുല്ല് ചെത്താൻ വന്നയാ

അത് പറയുമ്പോൾ ഉപ്പുട്ടായി തോർത്തിന്റെ മടിക്കുത്തിലേക്ക് നോട്ടുകൾ തിരുകി. പുല്ല് ചെത്തി കളഞ്ഞതിന്റെ കൂലിയാവും അത്. തോർത്തിനു അടിയിൽ എന്തെങ്കിലും വസ്ത്രം ഉണ്ടോ എന്ന് നോക്കാൻ തോന്നി പക്ഷെ സൂക്ഷ്മമായി നോക്കിയില്ല , എന്നാലും തോർത്തിനിടയിലൂടെ കറുത്ത തുടകൾ കാണാമായിരുന്നു.

കൊറേ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട്. എന്നാ പറ്റി ഉപ്പുട്ടായി..?

ഓ വീടിന് അടുത്തുള്ള പണിയാ ഇപ്പോ കൂടുതലും ചെയ്യണേ.
കോറോണയിടെ അവധിയാ അല്ലെ മോളെ

ഉം. ഞാൻ കോറോണ തൊടങ്ങിയപ്പളെ ഇങ്ങു വന്നാരുന്നു. ഇപ്പോ രണ്ടു മസായീന്ന് തോന്നുന്നു. വീട്ടിൽ ഇരുന്നും പണിയൊണ്ട്.

ഹോ അച്ചായൻ നിർബന്ധിച്ചിട്ടാ ഞാൻ ഇങ്ങോട്ട് വന്നെ.

ഏത്... ആ പറമ്പിന്റെ പുള്ളിയോ

ങാന്നേ പുള്ളിയൊരു വെകെളിയാ മോളേ. മഴയത്ത് ചുമ്മ വളം വാരിയിട്ടിട്ട് പോവാൻ പറയുവാ. ഞാൻ പറഞ്ഞു പറ്റുല്ലാന്ന് . മഴ കഴിഞ്ഞ് ഒരു ദിവസം വരാന്ന് പറഞ്ഞ്. എനിക്ക് അറിയാവുന്ന മണ്ണാ .

ഞാൻ ചിരിച്ചു.

മഴ വന്നപ്പോൾ ഞാൻ പണി നിർത്തിയാര്ന്നേ.. പുള്ളി കുറച്ചൂടെ ചെയ്യാൻ പറഞ്ഞു.

ചാറ്റൽമഴയത്ത് നിന്ന് എന്റെ മുഖത്തേക്ക് നോക്കിയാണ് ഇത്രയും പറഞ്ഞത്. പിന്നെ സമയത്തെ പറ്റി ഓർത്തിരിക്കാം. പുള്ളി നടന്ന് പൈപ്പിൻ ചുവട്ടിൽ നിന്ന് കാലു കഴുകി.

ഞാൻ നാളെ വരാന്ന് പറഞ്ഞു. അപ്പോ പുള്ളി പറയുവാ തീർത്തിട്ട് പോവ്ന്ന്. ഞാൻ അപ്പോ ഒരു ഡയലോഗ് പറഞ്ഞു മോളെ

എന്തുവാ പറഞ്ഞെ.?

ആ ചോദ്യത്തിനുള്ള മറുപടിയെക്കാൾ എനിക്ക് കൗതുകം തോന്നിയത് 'ഡയലോഗ്' എന്ന വാക്ക് ഈ മനുഷ്യന് എവിടുന്ന് കിട്ടി കാണും എന്നതാണ്.

ആ മോളെ ഞാൻ പറഞ്ഞു. ഈ പണി മുഴുവൻ ഇന്നു തന്നെ തീർത്താ കുട്ടപ്പായിടെ പണിയും ഇന്ന് തന്നെ തീരുന്നു. പുള്ളി അപ്പോ ചിരിച്ചു. നാളെ വരണ്ട എന്ന് പറഞ്ഞ്. ഇനി തിങ്കളാഴ്ച നോക്കട്ടെ വിളിക്കാന്നാ പറഞ്ഞ്. വളം മുഴുവൻ ഇട്ടിട്ടില്ല.... അത് എന്ത് ആവുവോ

മോളൂ പപ്പസ് വേണോ?
അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു.

ഞാൻ ഒരണ്ണം കഴിച്ചു. അത് മതി.

ബാക്കി ഫ്രിഡ്ജീ വെയക്കട്ടെ

ങാ

ഈ സമയം ഒരു ചെറിയ പെയിന്റ് പാട്ടയിൽ കുത്തിർത്ത് നനച്ച് തന്റെ കൈയിലി അയാൾ പിഴിഞ്ഞ് എടുക്കുന്നു. എന്നിട്ട് ഞങ്ങളുടെ വിറക് പുരയിൽ കയറി വസ്ത്രം മാറി ഇറങ്ങി വരുന്നു. ഇപ്പോൾ വേഷം വെള്ള മുണ്ടും ആകാശ നീല നിറമുള്ള ഷർട്ടുമാണ്. ഈ ഷർട്ട് പണ്ടെങ്ങോ ആ പറമ്പിന്റെ ഓണർ ഇട്ടതായി ഓർക്കുന്നു. ഉപ്പുട്ടായി കുട തലയിൽ വെച്ച് നടന്നു തുടങ്ങി.

ശരി മോളെ കാണാം.

ഞാൻ ചായ കുടിച്ച് കഴിഞ്ഞ് അടുക്കള കതക് അടച്ച് മുൻവശത്തേക്ക് പോയി. അച്ഛൻ ചായയും പഫ്സും കഴിക്കുകയായിരുന്നു. അമ്മ തൊട്ടടുത്ത് ഇരുപ്പുണ്ടായിരുന്നു. അവർ രണ്ടും മഴ മൂർച്ഛിച്ചത് കണ്ടിരിക്കയാണ്.

അപ്പാ.... ഉപ്പുട്ടായി പോയോ.?
അച്ഛനോട് ചോദിച്ചു

ആ പോയി

ഇന്ന് നേരത്തെയാ. അമ്മ പറഞ്ഞു

അതിന് ശേഷം പുള്ളി എവിടെ പണിക്ക് പോയാലും നേരത്തെ ഇറങ്ങും. ദൂരെയൊന്നും അങ്ങനെ പോവത്തുമില്ലായിരുന്നു. ഇപ്പോ ഒരുപാട് പ്രായായപ്പോ എവിടേം പണി ഇല്ലാതെ വന്നു. അങ്ങനെ ആ പറമ്പിലെ ഓണറിന്റെ കാലു പിടിച്ചു വന്നതാ

നേരെ നിൽക്കാൻ വയ്യ പുള്ളിക്ക് പാവം.
അമ്മ സങ്കടത്തോടെ പറഞ്ഞു.

അപ്പോഴാണ് ഞാൻ ആ മനുഷ്യന്റെ രൂപം ചിന്തിച്ചത്. അസ്ഥികൂടത്തിനോട് ചേർത്ത് കറുത്ത തോലി വച്ച് പിടിപ്പിച്ച പോലെ. ശരീരത്തിലെ വേരുകൾ എല്ലാം തെളിഞ്ഞു കാണാം.

ഞാൻ ചോദിച്ചു.
ഏതിന് ശേഷമാ ഇങ്ങനെ?

നീ കൊച്ചീലാരുന്നെടീ... നി വിളിക്കുമ്പോ വെഷമാവൂന്ന് വെച്ച് പറയാഞ്ഞതാ...
പുള്ളി ഒരു ദിവസം ഈ പറമ്പില് കപ്പ് തണ്ടെല്ലാം നട്ട് കഴിഞ്ഞ്. ഒരുപാട് ലേറ്റായി വീട്ടിൽ എത്തിയെ. ചെന്നപ്പോ മിന്നലേറ്റ് മോള് മരിച്ചു!

സമയം 2 മണി . കട്ടിലിൽ കിടന്നു ഉറങ്ങാൻ കഴിയുന്നില്ല . മനസ് മുഴുവൻ ഉപ്പുട്ടായി ആണ്. ആ വിടവ് കാട്ടിയുള്ള ചിരി മായുന്നില്ല. കെട്ടുറപ്പില്ലാത്ത വെള്ളം കയറിയാൽ ചള്ള ആകുന്ന വീട്ടിൽ ഉപ്പുട്ടായിം ഭാര്യയും മാത്രം. മഴ എന്നെ അസ്വസ്ഥതമാക്കുന്നത് പോലെ. തെല്ലൊരാശ്വാസത്തിനായി ഞാൻ ആകാശത്തിലേക്ക് നോക്കി അവിടെ വേരുകൾ തെളിയുന്നു. ഞാൻ ഭയത്തോടെ കൂടി അവയെ ആദ്യമായി നോക്കി. അതിനുശേഷം ജനാല അടച്ച് കർട്ടൻ വലിച്ച് ഇട്ട് കണ്ണുകൾ അടച്ച് കിടന്നു.

Written by : Kuriakosey

06/04/2023

എല്ലാത്തിനും കമ്പനിക്കാരുള്ള കുട്ടൂക്കാരൻ

Address

35 William Paddison Drive
Barrie, ON
L4M0G3

Telephone

+17053502755

Website

Alerts

Be the first to know and let us send you an email when Kuriakosey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kuriakosey:

Share