14/03/2021
Writer: Saneesh Karayil
Division: ONE ARTEQ
കുരുക്ഷേത്രം
ഭാരതയുദ്ധം കഴിഞ്ഞൂ, കുരുക്ഷേത്ര-
ഭൂമിയോ നിശ്ചലമായി;
സന്ധ്യാസമയമടുത്തൂ, ആദിത്യന്‍
രക്തകളങ്കിതനായി;
രണഭൂമി നിണഭൂമിയായി, രാജ്യമോ
നാഥനില്ലാക്കളരിയായി;
കഴുകന്മാര്‍ കൊത്തിപ്പറിച്ചൂ,
ജീവനില്ലാത്ത മാംസപിണ്ഡങ്ങള്‍;
കുറുനരികള്‍ കൂത്താട്ടമാടി,
കുരുക്ഷേത്ര ഭൂമി ശവപ്പറമ്പായി;
വിധവകള്‍ തേടി നടന്നു, പതിയുടെ
ദേഹമൊന്നൊരുനോക്കു കാണാന്‍;
ഹൃദയം തകര്‍ന്ന മാതാക്കള്‍, പുത്രന്‍റെ
മൃതദേഹം കണ്ടു വിലപിച്ചു;
മുറിവേറ്റ മര്‍ത്യരുടെ ദീനമാം രോദനം,
കര്‍ണ്ണപുടങ്ങള്‍ തകര്‍ത്തു;
ജീവനറ്റൊരാ ശകുനീശരീര, മന്നു
ശ്വാനന്മാര്‍ കീറി മുറിച്ചു;
കൂമന്മാര്‍ മൂളുമൊലിയോ, ഭൂമിയില്‍
കാലന്‍റെ വരവറിയിച്ചു;
മുറിവേറ്റ ദുര്യോധനനോ, തന്‍റെ
ദുര്യോഗമോര്‍ത്തു വിലപിച്ചു;
അനുജന്മാര്‍ തന്‍റെ വിയോഗം,
ചിന്തിച്ചു ചിന്തിച്ചു പ്രാണന്‍ വെടിഞ്ഞു;
പ്രിയരുടെയാര്‍ത്ത നാദങ്ങള്‍, കേട്ടു
ബന്ധുക്കളോ വിലപിച്ചു;
ദുര്യോധനന്‍റെ മരണമറിഞ്ഞുടന്‍,
പാഞ്ചാലി പൊട്ടിച്ചിരിച്ചു;
ശരശയ്യ പൂണ്ടു കിടക്കുന്ന ഭീഷ്മരോ,
മരണത്തെ വരവേറ്റിരുന്നു;
ഗംഗയോ രൌദ്രമായൊഴുകി,
പുത്രവിയോഗം സഹിക്ക വയ്യാതെ;
സഞ്ജയവര്‍ണന കേട്ടു,
ധൃതരാഷ്ട്രരോ പൊട്ടിക്കരഞ്ഞു;
ഗാന്ധാരി കണ്ണു തുറന്നു, പുത്രന്‍റെ
വിരഹത്തെ കണ്ടു കരഞ്ഞു;
ഭഗവാനെത്തന്നെ ശപിച്ചു,
താന്‍ ചെയ്ത തെറ്റുകളേറ്റു പറഞ്ഞു;
കാലം കറങ്ങി വരുന്നു,
കുരുക്ഷേത്ര യുദ്ധങ്ങളാവര്‍ത്തിക്കുന്നൂ;
സ്വാര്‍ത്ഥo വളര്‍ന്നു വളര്‍ന്നു,
മനസ്സാക്ഷിയോ മരവിച്ചിടുന്നൂ;
മനതാരിലന്ധതയുള്ള,
ധൃതരാഷ്ട്രന്മാര്‍ ലോകം ഭരിച്ചാല്‍,
മറ്റൊരു ലോകമഹായുദ്ധം താങ്ങുവാന്‍
ഭൂമിക്കു ശേഷിയിന്നുണ്ടോ?