11/06/2023
നിങ്ങള്‍ക്ക്,
വെറും പതിമൂന്ന് വയസാണെന്ന് കരുതുക. നിങ്ങളും നിങ്ങളുടെ മാതാവും മൂന്ന് സഹോദരങ്ങളും ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ കാടുകളിലേക്ക് ഒരു കുഞ്ഞ് വിമാനയാത്ര നടത്തുന്നു. കൂറെ ദൂരംപിന്നിട്ടപ്പോള്‍ സിഗ്നല്‍ തകരാറും പ്രതികൂല കാലാവസ്ഥയും മൂലം നിങ്ങളുടെ വിമാനം തകരുന്നു. നിങ്ങളുടെ മാതാവും സഹായിയും പൈലറ്റും കൊല്ലപ്പെടുന്നു.
നിങ്ങളും
നിങ്ങളുടെ 9ഉം,
4ഉം പതിനൊന്ന് മാസവും മാത്രമായ സഹോദങ്ങളും രക്ഷപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം വിഷപ്പാമ്പുകളും ക്ഷുദ്രജീവികളും മയക്ക്മരുന്ന് മാഫിയകളും കൊടുംകുറ്റവാളികളുമുള്ള
ആ കൊടുംകാട്ടിനുള്ളില്‍ നിങ്ങളെന്ത് ചെയ്യും...?
ഒരു പ്രതീക്ഷയുമില്ലാതെ വിധിയെ പഴിച്ച് മാതാവ് നഷ്ടപ്പെട്ട സങ്കടത്തില്‍ ഭയന്ന്, വിശന്ന്, ജീവിതം അങ്ങനെ അവസാനിപ്പിക്കാം....
അങ്ങനെ,
അവസാനിപ്പിക്കേണ്ടതല്ല
ജീവിതം എന്ന് നിങ്ങള്‍ ചിന്തിക്കുകയും, ആ പതിനൊന്നു മാസം പ്രായമായ അനുജനെ നെഞ്ചോടു ചേര്‍ത്ത്, ഒന്‍പതും, നാലും വയസുള്ള കുഞ്ഞുങ്ങളെ ഇരുകൈയിലും ചേര്‍ത്തുപിടിച്ച് നിങ്ങള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുള്ള ലോകത്തേക്ക് ഉറച്ച കാലുകളോടെ സഞ്ചരിക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ പേര് ഈ ലോകം മാറ്റിവിളിക്കും.
ആ പേര്,
ഇങ്ങനെയാവും,
'ജേക്കബോംബെയർ മുകുതുയ്'.
കൂടെ അനുസരണത്തോടെ നടന്ന സഹോദരങ്ങളുടെ പേര് 'സോളിനി ജേക്കോബോംബെയർ മുകുതുയ്' (വയസ് 9), 'റ്റിയാൻ നോറെ റനോക് മുകുതുയ്' (വയസ് 4), ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് (മാസം11) എന്നുമാവും.
ഈ ചിത്രത്തില്‍,
ഈ പറഞ്ഞ നാലുമക്കളുമുണ്ട്,
അവരെ രക്ഷിച്ച ദൈവത്തിന്‍റെ കരങ്ങളുമുണ്ട്....
ലോകം,
ആകെ ആഘോഷിച്ച ഈ സംഭവത്തിൻ്റെ നാൾവഴി ഇതാണ്:
ആമസോൺ കാടുകളിലെ ഇരുട്ടിലേക്ക് അപ്രത്യക്ഷമാവുന്ന അനേകം വിമാനങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അത്.
ഈ കഴിഞ്ഞ,
മെയ് ഒന്നിന് അറാറക്വാറയിൽ നിന്നും കൊളംബിയൻ ആമസോണിലെ 350 കിലോ മീറ്റർ ദൂരമുള്ള സാൻ ജോസ് ഡേൽ ഗൊവിയാരെയിലുള്ള ഭർത്താവ് മാനുവൽ റനോക്കിനൊപ്പം താമസിക്കാന്‍ ഹുയിറ്റോട്ടോ എന്ന തദ്ദേശീയ ഗോത്രവിഭാഗത്തിൽപ്പെട്ട മുകുതുയ് എന്ന സ്ത്രീ മക്കളായ ജേക്കബോംബെയർ മുകുതുയ് (13), സോളിനി ജേക്കോബോംബെയർ മുകുതുയ് (9), റ്റിയാൻ നോറെ റനോക് മുകുതുയ് (4), ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് (11 മാസം) എന്നിവർക്കൊപ്പം യാത്ര തിരിക്കുന്നു. യാത്ര പുറപ്പെട്ട് മിനുട്ടുകൾക്കുള്ളിൽ തന്നെ എൻജിൻ തകരാറുമൂലം, നിമിഷങ്ങൾക്കകം വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുന്നു.
നീണ്ട,
പതിനഞ്ച് ദിവസത്തെ അതിസാഹസികമായ തിരച്ചലിനൊടുവില്‍ മെയ് 15-ന് രക്ഷാപ്രവർത്തകർ തകർന്നുവീണ വിമാനം കണ്ടെത്തുന്നു. വിമാനത്തിനുള്ളില്‍ ആ അമ്മയുടെയും പൈലറ്റിൻ്റെയും പ്രദേശവാസിയുടെയും മൃതദേഹങ്ങള്‍...! കുട്ടികള്‍ എവിടെ...?
പരിസരം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും വിമാനത്തിൽ ഉണ്ടായിരുന്ന നാല് കുട്ടികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. അപകടത്തിൽനിന്ന് ഈ കുട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു ആദ്യ നിഗമനം... അവിടെ നിന്നും തുടങ്ങുകയാണ് രക്ഷാപ്രവര്‍ത്തനം.
40 ദിവസം നീണ്ടുനിന്ന,
രാവും, പകലും മറ്റമില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍....
ആ സാഹസികരായ സൈനികള്‍ ഈ ജൂണ്‍ 10ന് അവരെ കണ്ടെത്തുന്ന ദിവസം ലോകത്തെ ഏറ്റവും സുന്ദരമായ ദിവസമായി ലോകം കുറിച്ചുവെക്കുന്നു. ആ കുഞ്ഞുങ്ങള്‍ ജീവനോടെ ഉണ്ടെന്ന് കരുതി അവര്‍ നടത്തിയ സാഹഹികത നിറഞ്ഞ ആ അനേഷണം എത്രമാത്രം സൗന്ദര്യമുള്ളതാവുന്നു...
യഥാര്‍ത്ഥത്തില്‍,
സാഹസികരായ മനുഷ്യരാണ് ഈ ലോകത്തെ ഇത്രയും വിശാലവും മനോഹരവുമാക്കിത്തീര്‍ക്കുന്നത്.
ഉച്ചയ്ക്ക്,
ഒരു മണിക്കുള്ള ഭക്ഷണം 10 മിനുട്ട് വൈകിയാല്‍ ബോധംകെട്ട് മലര്‍ന്നടിച്ച് വീഴുന്ന മനുഷ്യമാരുടെ നാട്ടില്‍ 40 ദിവസം ആ കൊടുംകാട്ടില്‍ നിര്‍ത്താതെ തണുത്ത മഴപെയ്യുന്ന കാട്ടില്‍, മരംകോച്ചുന്ന തണുപ്പില്‍, കായ്കനികള്‍ മാത്രം ഭക്ഷിച്ച് മഴവെള്ളം കുടിച്ച് മൂന്ന് സഹോദരങ്ങളെയും ചേര്‍ത്ത് പിടിച്ച് പുതിയ ലോകത്തിലേക്ക് പറന്നുവന്ന മകളേ,
നീയാണ് അമ്മ... നീയാണ് ഭൂമി...
നീയാണ് പ്രതീക്ഷകളുടെ നീലാകാശം...
കടപ്പാട്