AKKAM Entertainment

AKKAM Entertainment Movies � sports and videos

22/03/2026
30/04/2025

മുപ്പത്തഞ്ചു കഴിഞ്ഞ മനുഷ്യരോടാണ്, വാർദ്ധക്യത്തെ നിങ്ങൾ ഇനിമുതൽ ജീവിതത്തിന്റെ പലവഴികളിലും വച്ച് കണ്ടു മുട്ടും. ആദ്യമൊക്കെ ഹേ! തോന്നലാണെന്ന് നിസ്സാരവൽക്കരിക്കും. കഴിഞ്ഞ ദിവസത്തെ തണുപ്പുകൊണ്ടിട്ടല്ല മുട്ടുവേദനയെന്ന് ഒരുമാസത്തിനപ്പുറവും അത് തുടരുമ്പോൾ മാത്രമേ മനസിലാകൂ. പകലുകൾ രാത്രികളിലേക്ക് പതിയെ തോണിയിറക്കുന്ന സന്ധ്യാനേരം പോലെ നിങ്ങളും ജീവിതത്തിലെ ഈ സന്ധ്യാനേരത്തെ എത്രമാത്രം ഉൾക്കാഴ്ചയോടെ സ്വീകരിക്കുന്നുണ്ട്.?

നാളെ പോകാമെന്ന് പറഞ്ഞൊരു യാത്ര,ഒന്നിച്ചവധി കിട്ടുമ്പോൾ പോകാമെന്ന് പറഞ്ഞ ഹോട്ടലുകൾ. ഒരു വർഷം മുൻപും നിങ്ങൾ നാളെയെന്നു പറഞ്ഞു മാറ്റിവച്ച പലതും ഇനിയും പൂർത്തിയാവാത്ത സ്വപ്നങ്ങളുടെ തടിപ്പെട്ടിയിൽ അടഞ്ഞു കിടപ്പില്ലെ ? പെട്ടി തുറക്കു കേട്ടോ.

നിങ്ങൾ ആരാധനയോടെ കണ്ടിരുന്ന സൗരവ് ഗാംഗുലിയും മാത്യു ഹെയ്ഡനും ഇർഫാൻ പത്താൻ പോലും കമന്ററി ബോക്സിലേക്ക് സ്ഥാനം മാറി. കൊഹ്‌ലിയും രോഹിത് ശർമ്മയും വിരമിക്കാത്തതെന്ത് എന്ന് പിള്ളേര് പരിഹസിച്ചു തുടങ്ങുന്നു.

എന്നും കൂടെയുണ്ടാവുമെന്ന് കരുതിയ കുറെ മനുഷ്യർ ഇന്നലെകളിൽ ഭൂമി വിട്ടു പോയി. ‌ അമ്മച്ചിയുടെ കല്യാണ ദിവസം എങ്ങനെയായിരുന്നു എന്ന് അടുത്ത അവധിക്കാലത്തേക്കു ചോദിയ്ക്കാൻ ഞാൻ മാറ്റി വച്ചത് അങ്ങനെ തന്നെ മനസ്സിൽ തുടരുന്നു. ഇനി ചോദിയ്ക്കാൻ അമ്മച്ചിയില്ല.

ഓടിയവർ നടക്കാൻ കിതക്കുന്നു. നടന്നവർ പതിയെ നാലുചുവരുകൾക്കുള്ളിൽ കിടന്നു പോകുന്നു. നിങ്ങൾക്കൊപ്പമുണ്ടായിരുന്നൊരു തലമുറ ഭൂമിയിൽ നിന്ന് മാഞ്ഞു പോകുന്നു.

ജോലിചെയ്യുന്നിടത്തും പൊതു ഇടങ്ങളിലും നിങ്ങളെക്കാളും ചെറുപ്പമായവർ എണ്ണത്തിൽ കൂടി വരുന്നു. നിങ്ങൾ അൽപ്പം മുന്നേ നടന്നു പോയ കാലങ്ങളെ പറ്റി ഏതോ ഡൈനോസർ യുഗത്തിലെന്നോണം അവർ ഓർത്തെടുക്കുന്നു. അരികിൽ നിന്ന് കേൾക്കുമ്പോൾ നിങ്ങൾ ഇതൊക്കെ അൽപ്പം മുൻപേ ആയിരുന്നില്ലേയെന്ന് ആശ്ചര്യപ്പെടുന്നു.

ചാനലുകളുടെ റിപ്പോർട്ടിങ് ചെയ്യുന്ന പിള്ളേരൊക്കെ സ്‌കൂൾ കുട്ടികളെപ്പോലെ വർത്തമാനം പറയുന്നത് കേട്ട് കൊച്ചു വായിലെ വലിയ വർത്തമാനം എന്ന് ചിന്തിച്ച ഞാനായിരുന്നു കിളവൻ.

അബ്ദുൽ കലാമും, അടൽ ബിഹാരി ബാജ്പേയും ഹാൻസി ക്രോണ്യേയും ഷെയിൻ വോണും ശ്രീവിദ്യയും ഒടുവിലുണ്ണികൃഷ്ണനും,കെ പി എ സി ലളിതയും,എസ് പി ബിയും, കലാഭവൻ മണിയുമൊക്കെ മരിച്ചു പോയി.

ഇനിയുള്ള മിമിക്രി മത്സരങ്ങളിൽ ബാലചന്ദ്രമേനോന്റെ ശബ്ദമൊക്കെ അനുകരിച്ചാൽ അതാരാണെന്ന് ചുറ്റും നോക്കി അമ്പരപ്പ് കൂറുന്ന കാണികൾ എണ്ണത്തിലേറും.

മുടിയിഴകളിൽ കറുപ്പ് എണ്ണത്തിലേറുമ്പോൾ ഡൈ എന്നൊരു ഉൽപ്പന്നത്തിന്റെ കൂടി ഉപഭോക്താവാകുന്ന എന്നെ എനിക്ക് സങ്കല്പിക്കാനേ കഴിയുന്നില്ല. പ്രായമുള്ളവർക്ക് മാത്രം വേണ്ടിയിരുന്ന പലതും ഇനി എങ്ങനെ ഉപയോഗിക്കണമെന്ന് ഞാനും പഠിക്കാൻ പോകുന്നു. അപ്പന് വേണ്ടി വാങ്ങിയിരുന്ന ഡിപ്രഷന്റെ നിറമുള്ള ചെക്കിന്റെ ഷർട്ടുകൾ എനിക്കും ചേർച്ച തോന്നി തുടങ്ങുന്ന കാലം.

മഞ്ഞ വെളിച്ചം വീണാലും ,വണ്ടി പറത്തിക്കൊണ്ട് സിഗ്നല് കടക്കാമെന്ന ധൈര്യമൊക്കെ കുറഞ്ഞു തുടങ്ങുന്നു. ഓവർട്ടേക്ക് ചെയ്യാമെങ്കിലും മുന്നിലെ വണ്ടിക്കാരന് ഹൃദയമിടിപ്പുണ്ടാകാതെ കുറച്ചു കൂടി പിന്തുടരാമെന്നു മനസ്സ് ഒതുങ്ങുന്നു. വാശികാണിച്ചിരുന്ന മനുഷ്യരോടൊക്കെ എന്തിനായിരുന്നു അതെന്ന് ഓർക്കാൻ പോലും കഴിയാതെ മറവി പടർന്നു കയറുന്നു.
ആരെങ്കിലുമൊക്കെ ചെയ്തുകൊള്ളൂമെന്നോർത്തു മടിപിടിച്ചിരുന്ന പലതും, തീർത്തേ തീരു എന്ന ലിസ്റ്റിലിരുന്ന് അവസാന ദിവസം കാട്ടി ഭയപ്പെടുത്തുന്നു.

എം എസ് സുബ്ബലക്ഷ്മി ഇത്രയും നീളമുള്ള കൗസല്യ സുപ്രഭാതം എങ്ങനെപാടി എന്ന അമ്പരന്നിരുന്ന ഞാൻ ആ വരികളൊക്കെ ഹൃദിസ്ഥമാക്കിയിരിക്കുന്നു. പദ്യം പഠിക്കാൻ ദിവസങ്ങൾ വേണ്ടിവന്നിരുന്ന ഞാൻ വർഷങ്ങൾക്കൊണ്ടൊരു കൗസല്യസുപ്രാഭാതം പഠിച്ചു തീർത്തിരിക്കുന്നു. അതും കേട്ടു മാത്രം. ഹോ അത്രയും കാലം ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു!!!

അടക്കാനാവാത്ത ദേഷ്യം തോന്നി പണ്ടൊക്കെ അലറിവിളിക്കുമായിരുന്ന നിങ്ങൾ രണ്ടോ നാലോ കുഞ്ഞിക്കണ്ണുകൾ നിങ്ങളെ കണ്ടു വളരുന്നുവെന്ന ഓർമ്മയിൽ ആ കോപമൊക്കെ അടക്കാൻ പഠിച്ചു കഴിഞ്ഞു. പനി പിടിച്ചാൽ അവധിയെടുത്ത് ചുക്കുകാപ്പിയും കുടിച്ചു മഴ കണ്ടിരുന്ന ഞാനൊക്കെ സിക്ക് ലീവ് കൂട്ടണ്ട എന്ന് പറഞ്ഞു എന്നെ എടുത്തു കൊണ്ട് ജോലിക്ക് പോകുന്നു. തോള് തിരഞ്ഞിരുന്ന എന്റെ തോളിൽ ചാഞ്ഞിരിക്കുന്ന തലകളെകുറിച്ചോർക്കുമ്പോൾ നേരെ നിന്നെ തീരു എന്ന തിരിച്ചറിവിൽ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്ന ക്രിസ്തുവാണ് ഞാൻ.

വർണ്ണപ്പകിട്ട് റിലീസായിട്ട് ഇരുപത്തിയെട്ടു വർഷം കഴിഞ്ഞെന്ന് തിരിച്ചറിയുമ്പോൾ, മണിച്ചിത്രത്താഴും സന്ദേശവുമൊക്കെ മുപ്പത് വർഷം മുന്നേ ഇറങ്ങിയ സിനിമകളാണെന്ന് കണക്ക് കാണുമ്പോൾ അൽപ്പം മുന്നെയല്ലേ ഞാൻ ദൂരദർശനിൽ പരസ്യത്തോടൊപ്പം ഈ പടമൊക്കെ കണ്ടെഴുന്നേറ്റത് എന്ന് മതിഭ്രമം.

എനിക്കറിയാം എന്റെ തുറുപ്പുചീട്ടുകളായിരുന്ന പലതും നാളെ, ഇയാളിതെന്നാ ഈ കാണിക്കുന്നതെന്ന ഗണത്തിൽ വരും. ദിലീപിന്റെ ചിത്രത്തിലെ റൊമാൻസ് കാണുമ്പോഴൊക്കെ ഞാൻ ഉറപ്പിക്കും, പ്രായമായാൽ കൊച്ചു കുട്ടിയാവാനുള്ള വിഫല ശ്രമം കാട്ടി അപഹാസ്യനാവുകയില്ലെന്ന്. നരയില്ലാത്ത വൃദ്ധന്മാരെ കാണുമ്പോഴൊക്കെ സൈക്കിളിന് ജിപ്സിയുടെ ഹോൺ പിടിപ്പിച്ചതുപോലെ എനിക്ക് അസ്വാഭാവികത തോന്നുന്നു. ശരിയാണ്‌ നര ഇനിയുള്ള നാളുകളിൽ വാർദ്ധക്യത്തിന്റെ ലക്ഷണമേ അല്ലാതെയാവും. എന്നാലും...

മനുഷ്യൻ ഇത്തരം സംഘര്ഷങ്ങളിലൂടെ നിരന്തരം കടന്നു പോകുന്നുണ്ട് എന്നതൊരു വല്യ കാര്യമല്ലെങ്കിലും ഞാൻ ചെറിയ കാര്യങ്ങളുടെ ഒടയതമ്പുരാനായിരിക്കുന്നതിനാൽ തന്നെ ഈ ചായക്കോപ്പയിലെ കൊടുങ്കാറ്റിലും മനസിന്റെ ചില്ലകൾ ഉലയുന്നുണ്ട്.

ഇന്നലെയുറങ്ങി ഇന്നെഴുന്നേൽക്കുമ്പോഴായിരുന്നു വൃദ്ധനാവുന്നതെങ്കിൽ മനുഷ്യനത് എങ്ങനെ ഹൃദയം പൊട്ടാതെ സ്വീകരിച്ചേനെ. പക്ഷെ കാലം എല്ലാ ദിവസവും ഒരു പൊടി വാർദ്ധക്യം കലർത്തി പല നൂറ് ദിവസങ്ങൾ കൊണ്ടൊരു യുവത്വത്തെ വാർദ്ധക്യത്തിലേക്ക് മാറ്റി വരയ്ക്കുന്ന മന്ത്രജാലം ചിന്തിച്ചാൽ ഒരു കവിതപോലെ മനോഹരമാണ്.

സ്‌പ്ലെൻഡറിൽ നടന്ന ചോക്കലേറ്റ് ചാക്കോച്ചൻ മെച്യൂരിറ്റി വന്നെന്നു കാണിക്കാൻ തലയിൽ നരച്ച വിഗ്ഗ് വെച്ച് അഭിനയിക്കാൻ തുടങ്ങി. ചരമക്കോളത്തിൽ സമപ്രായക്കാരുടെ മുഖം കാണുന്നതിന്റെ ഇടവേള കുറഞ്ഞു വരുന്നു. ചുറ്റുമുള്ളതൊക്കെ മാറുമ്പോഴും സ്വയം വയസാവുകയില്ലെന്നു നിങ്ങളും ചിന്തിച്ചിരുന്നോ എന്നെപ്പോലെ.?

കാര്യമിതൊക്കെയാണെങ്കിലും ഇപ്പോഴും വിമാനം പോകുമ്പോൾ വായും തുറന്ന് ആകാശം നോക്കി നിൽക്കും. ഒരൊറ്റ മീൻവറത്തത്ത് സൈഡിൽ മാറ്റിവച്ച് കണ്ടുകൊണ്ട് ഒരു പാത്രം ചോറുണ്ണും. നാക്കിൻ തുമ്പിൽ തുപ്പല് കൊണ്ട് കുമിള ഊതും. ജീവനോടെ കൊതുകിനെ കിട്ടിയാൽ ഇന്നും ചിറകും കാലും മുറിച്ച് ചിത്രവധം ചെയ്യും. ചോക്കലേറ്റിന്റെയും തൈരിന്റെയും കവറ് വെടിപ്പാകും വരെ നക്കി തിന്നും.

എന്തോ പ്രശനമുണ്ട് ഭൂമി ആരോ അതിവേഗം കറക്കി വിട്ടിരിക്കുന്നു. അല്ലെങ്കിൽ ഏതോ മായക്കാഴ്ചയും കണ്ട് കുറെ വർഷങ്ങൾ ഞാനെവിടെയോ മതിമറന്നു നിന്നിരിക്കണം. നിങ്ങളുടെ ഉള്ളിലെ നിങ്ങൾക്ക് എത്ര വയസായി. എന്നോട് പറയുമോ ?♥️DNY ✍️കടപ്പാട് : Denny P Mathew

memories of 90s
15/11/2024

memories of 90s

Address

Dubai

Website

Alerts

Be the first to know and let us send you an email when AKKAM Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to AKKAM Entertainment:

Share

Category