15/06/2026
16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണ് എന്നും അവരുടെ അദ്ധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ നിരീക്ഷിച്ചത് ഇക്കഴിഞ്ഞ ജൂൺ 11-നാണ്. അതിനും വളരെ മുൻപേ, 2025 ഒക്ടോബറിലാണ് എൽഡിഎഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. 31.34 ലക്ഷം പേരെയാണ് ഇതിൽ ഗുണഭോക്താക്കളായി കണക്കാക്കിയത്. 3720 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അവസാനത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചത്. മാർച്ച് മാസം വരെ പെൻഷൻ നൽകുകയും ചെയ്തു. സ്ത്രീസുരക്ഷാ പദ്ധതിയെ തുടക്കം മുതൽ അപഹസിച്ച യുഡിഎഫ് നേതൃത്വം ഇപ്പോൾ പദ്ധതിയെ തന്നെ തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അണിയറയിൽ തയ്യാറാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. രണ്ടു മാസത്തെ പെൻഷൻ നൽകാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണ്. സ്ത്രീപക്ഷ സർക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാന പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത്. യുഡിഎഫ് സർക്കാർ നിലപാട് തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
BreakingNews WomenWelfare KeralaPolitics TrendingNews