25/07/2022
'ആത്മാവിന്റെ രഹസ്യം പ്രാണനിലൊളിപ്പിച്ച് പറന്നുപോയ കിളിയെ അമ്പെയ്തു വീഴ്ത്തി, ഹൃദയം തുരന്ന് രഹസ്യം തിരഞ്ഞ മഹാവീരന്മാരോട് കാലം ഇപ്രകാരം പറഞ്ഞു...'
'ഒരാത്മാവിനെയും കീഴടക്കാനാവില്ല അധികാരത്തിന്റെ ചാട്ടയാൽ'
- മഹാവീര്യർ❤️
ഇത് മഹാവീര്യരോ, അതോ മഹാവാര്യരോ...!
(മുന്നറിയിപ്പ് : ഇതാ, ഒരു നീണ്ട പോസ്റ്റ് നീണ്ട... നീണ്ട... നീണ്ട പോസ്റ്റ് )
ഏകദേശം മൂന്ന് വർഷത്തിനടുത്ത ഇടവേളക്കു ശേഷം തിയേറ്ററിൽ റിലീസാകുന്ന ഒരു നിവിൻ പോളി ചിത്രമാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ ഡ്രീം പ്രൊജക്റ്റ് ആയിരുന്ന ചിത്രം.1983, ആക്ഷൻ ഹീറോ ബിജു എന്നീ മികച്ച ചിത്രങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. സെവൻസിനു ശേഷം നിവിൻ - ആസിഫ് അലി എന്നിവർ ഒരുമിച്ച് എത്തുന്നു. മലയാള സിനിമയിൽ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ടൈം ട്രാവൽ, ഫാന്റസി,ഡ്രാമ വിഭാഗത്തിലുൾപ്പെടുന്ന ചിത്രം. ആദ്യ പോസ്റ്ററിൽ തുടങ്ങി ഓരോ കഥാപാത്രത്തിന്റെയും വ്യത്യസ്ത ഗെറ്റപ്പുകളിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം. റിലീസിന് എത്തി നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റിലീസിന് മുമ്പ് നടന്ന പ്രിവ്യൂ ഷോയിൽ ലഭിച്ച മികച്ച പ്രതികരണങ്ങൾ ചിത്രത്തിന്റെ പ്രതീക്ഷകൾ ഏറെ വർധിപ്പിച്ചിരുന്നു. ഒരുപക്ഷേ, ഇത്തരം നിരവധി കാരണങ്ങൾ ആകാം ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണം.
ആദ്യദിനം തന്നെ ചിത്രം കണ്ടപ്പോൾ എഴുതണമെന്ന് കരുതിയതാണ്. എന്നാൽ, ഓരോ തവണ സിനിമ കാണുമ്പോഴും വ്യത്യസ്ത അർത്ഥങ്ങൾ നമുക്ക് ലഭിക്കും. അത്തരത്തിലൊരു ചിത്രമാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ താൻ നൽകിയ ഒരു അഭിമുഖത്തിൽ ഇതിനെപ്പറ്റി പ്രതിപാദിച്ചിരുന്നു. ആദ്യം കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നതിനപ്പുറം വേറെ എന്തെങ്കിലുമൊക്കെ ഉണ്ടോയെന്ന് ആലോചിക്കാം. രണ്ടാമത് കാണുമ്പോൾ മറ്റൊരു ചിന്ത വരാം. മൂന്നാമത് കാണുമ്പോഴും അതുപോലെ, ആദ്യകാഴ്ചയിൽത്തന്നെ മനസ്സിലായ സിനിമയെ വ്യത്യസ്തമായി വ്യാഖ്യാനിച്ചെടുക്കാം. അതുകൊണ്ടുതന്നെ ഈ സിനിമ അവലോകനം തികച്ചും വ്യക്തിപരമാണ്. സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച് മനസ്സിലാക്കാൻ ഏറെ പാടുള്ള ഒരു കവിതക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ ടീച്ചർ പറയുമ്പോൾ, ഓരോ കുട്ടിയും അത് അവരുടെ അനുഭവങ്ങളിലും, കാഴ്ചപ്പാടുകളിലും ഊന്നി എന്താണോ വായനയിലൂടെ മനസ്സിലാക്കാൻ സാധിച്ചത്, അതിനെ അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കുക. അതുപോലെ ഒരു വായനയിലൂടെ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു കവിത പോലെ, അല്ലെങ്കിൽ വായിക്കുംതോറും കൂടുതൽ അർത്ഥങ്ങളും, മാനങ്ങളും നൽകുന്നതുപോലെയാണ് ഈ ചിത്രവും.
തിയേറ്ററുകളിൽ ചിത്രം കാണുന്ന അവസരത്തിൽ സിനിമയുടെ പേരെഴുതി കാണിക്കുമ്പോൾ അത് ഫോട്ടോയെടുത്ത് സ്റ്റാറ്റസ് ആക്കുന്ന പതിവ് എപ്പോഴും ഉള്ളതാണ്. 'മഹാവീര്യർ' എന്ന ടൈറ്റിൽ എഴുതിക്കാണിച്ചത് ഫോട്ടോ എടുത്ത് നോക്കിയപ്പോൾ ഒറ്റനോട്ടത്തിൽ 'മഹാവാര്യർ' എന്ന് വായിച്ചു പോകും. സിനിമ കണ്ടു കഴിഞ്ഞതിനുശേഷം സുഹൃത്തുക്കളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ
'ഇതെന്ത് പടമാണ്...?
ഈ സിനിമ കാണേണ്ടിയിരുന്നില്ല...'
എന്നൊക്കെയായിരുന്നു. ഒറ്റ നോട്ടത്തിൽ ഈ സിനിമ കാണുന്നവരുടെ അഭിപ്രായങ്ങൾ ഇതൊക്കെ തന്നെയായിരിക്കാം.1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ അകമ്പടിയോടെ തിയേറ്ററുകളിലേക്ക് എത്തിയവർ, എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായൊരു ചിത്രമാണ് ഇതെന്ന് സംവിധായകൻ ആവകാശപ്പെട്ടിരുന്നു. മാത്രമല്ല, പൂമരം, ദി കുങ്ഫു മാസ്റ്റർ എന്നീ സിനിമകളും ഇദ്ദേഹം തന്നെയാണ് ചെയ്തിരുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് അവയ്ക്ക് ലഭിച്ചിരുന്നത്. ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രം തിയേറ്ററുകളിൽ കണ്ടവരും വിരളമായിരിക്കും. മഹാവീര്യർ കണ്ടവർക്ക് ഇനി തുടർന്ന് വായിക്കാവുന്നതാണ്. സ്പോയിലറുകൾ ഏറെ ഉണ്ടാവും എന്നിരുന്നാൽ കൂടിയും, ഇനി കാണാൻ താത്പര്യമുള്ളവർക്ക് കൂടുതൽ മനസ്സിലാക്കി കാണുവാൻ സാധിച്ചാൽ അതും നല്ലതുതന്നെ.
സാധാരണ ഒരു സിനിമ കാണാൻ തീരുമാനിക്കുമ്പോൾ ട്രെയിലറുകൾ കാണുന്നത് താരതമ്യേന കുറവാണ്. സംവിധായകന്റെയും നടീനടന്മാരുടെയും അഭിമുഖങ്ങൾ കാണുന്നതും വിരളമാണ്. എന്നാൽ, ഈ ചിത്രം കാണുന്നതിനു മുമ്പ് ഇവയെല്ലാം കണ്ടിരുന്നുവെങ്കിൽ ആസ്വാദനം കുറച്ചു കൂടി നന്നായേനെയെന്ന് കണ്ടുകഴിഞ്ഞപ്പോൾ തോന്നി. ചിത്രം ഏത് വിഭാഗത്തിൽ പെടുന്നതാണെന്ന് സംവിധായകൻ പറഞ്ഞുവെക്കുന്നുണ്ട്. ഒരു കോർട്ട് റൂം ഡ്രാമ അതോടൊപ്പം തന്നെ ടൈം ട്രാവൽ, ഫാന്റസി എന്നിവ ചേർത്ത് തയ്യാറാക്കിയ തന്റെ ഡ്രീം പ്രൊജക്റ്റ്. മോളിവുഡിൽ ആദ്യമായൊരു ചിത്രം ഇത്തരത്തിൽ വരുമ്പോൾ ഏറെ പ്രതീക്ഷകളും ഉണ്ടാകും. "മഹാരാജാവ്,നീതി,കോടതിവ്യവഹാരം ഇതൊക്കെ ഈ ചിത്രത്തിലെ പ്രധാന ഘടകങ്ങളാണ്. രണ്ട് കാലഘട്ടം സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. രാജാവിന്റെ കാലവും ജനാധിപത്യകാലവും. ചില കഥകൾക്ക് എന്നും പ്രസക്തിയുണ്ട്. മഹാവീര്യർ എന്ന കഥാനായകൻ അഥവാ രാജാവ് എന്നതിന് ഇന്നും പ്രസക്തിയുണ്ട്. രാജാവിന്റെ സ്വഭാവം,പെരുമാറ്റം, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവയൊക്കെ ഏതുകാലത്തും ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. കാരണം, രാജഭരണത്തിന് സമാനമായിട്ടുള്ള രീതിയിലേക്കാണ് നമ്മുടെ നാടും നീങ്ങുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഒരു രാജാവിന് ഇക്കാലത്തും പ്രസക്തിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. രാജാവിന്റെ ഫാന്റസിയാണ് കഥയിൽ ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ളത്." ചിത്രത്തിനാസ്പദമായ കഥ രചിച്ച എം. മുകുന്ദൻ എന്ന എഴുത്തുകാരന്റെ വാക്കുകളാണിത്.
അദ്ദേഹം പറഞ്ഞതുപോലെ ചിത്രത്തിൽ കാണിക്കുന്നത് രണ്ട് കാലഘട്ടങ്ങളാണ്. രാജാവിന്റെ കാലഘട്ടത്തിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. രാജാവിന് അപ്രതീക്ഷിതമായി ഒരു രോഗം പിടിപെടുന്നു. എത്രയൊക്കെ മരുന്നു കഴിച്ചിട്ടും അത് മാറുന്നില്ല. അങ്ങനെ അതിനു പ്രതിവിധിയായി ലക്ഷണയുക്തയായ ഒരു സുന്ദരിയെ വേണമെന്ന് അയാൾ വാശിപിടിക്കുന്നു. "എനിക്ക് സുഖമായുറങ്ങാൻ ഒരു പെൺകുട്ടിയെ വേണം" എന്ന് പറഞ്ഞുകൊണ്ട് തന്റെ മന്ത്രിയെ ആ ഉത്തരവാദിത്വമേൽപ്പിച്ച് അയക്കുന്നു. രാജ്യത്തിലെ എല്ലാ സുന്ദരികളും രാജാവിന്റെ അന്തപുരത്തിൽ ഉണ്ടെങ്കിലും അതൊന്നും, എല്ലാം തികഞ്ഞ ഒരു സ്ത്രീയല്ല എന്ന് രാജാവ് വാദിക്കുന്നു. തുളസിക്കതിർ പോലെ ഒരു പെൺകിടാവിനെ, കിട്ടിയില്ലെങ്കിലോ...? എന്ന് ഭയന്ന് ആരുടെയെങ്കിലും ഭാര്യമാരായാലും മതിയെന്ന് പറയുന്നു. ആദ്യ രംഗത്തിൽ മന്ത്രി തന്റെ പത്നിയുമായാണ് ആ കൊട്ടാരത്തിലേക്ക് കടന്നുവന്നത്. അത് എന്തിനായിരുന്നുവെന്ന് രാജാവിന്റെ ചോദ്യത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും. എന്നാൽ, സുന്ദരിയല്ലാത്തതിനാൽ രാജാവ് അവളെ തിരിച്ചയച്ചു. ഇതിനു ശേഷമാണ് നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കടന്നുവരവ്. ചിത്രത്തിൽ വ്യക്തതയില്ലാത്തൊരു കഥാപാത്രമാണ് അയാൾ. അതിനു കാരണം ആ പേരിൽ തന്നെയുണ്ട്. "അപൂർണാനന്ദൻ" എന്ന യുവസന്യാസി. അദ്ദേഹമൊരിക്കലും പൂർണനല്ല,
ആരാണെന്നോ...? എന്താണെന്നോ...? എങ്ങോട്ട് പോകുന്നുവെന്നോ...? എവിടെ നിന്ന് വരുന്നുവെന്നോ...? ആർക്കും അറിയില്ല.
കാലഘട്ടം മാറി ഒരുപാട് വർഷങ്ങൾ കഴിയുമ്പോൾ 2020-ൽ കേരളത്തിലൊരു ഗ്രാമത്തിലേക്ക് കഥ പറിച്ചു നടന്നു. അതിനു മുമ്പ് ഹിമാലയം പോലൊരു സ്ഥലത്ത് അപൂർണാനന്ദൻ ഇരിക്കുന്നതായി കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനവും ഇതുപോലെ ഒരു സ്ഥലത്തേക്കാണ് അയാൾ യാത്ര ചെയ്യുന്നത്. സന്യാസി തന്നെ പരിചയപ്പെടുത്തുമ്പോൾ പറയുന്നുണ്ട്, "ശൂന്യതയിൽ നിന്നും അപൂർണ്ണതയിലേക്ക്." കാലത്തിനതീതമായി സഞ്ചരിക്കുന്ന കഥാപാത്രമാണോ അയാൾ...?
കാലം തന്നെയാണോ അയാൾ...?
സ്വാമി എവിടേക്ക് പോകുന്നുവെന്ന് ബാബുക്കുട്ടൻ ചോദിക്കുമ്പോൾ ഇതിനുള്ള ഉത്തരം ലഭിക്കും. ഭാവിയിൽ നിന്ന് ഭൂതത്തിലേക്ക് ചിലപ്പോൾ പിന്നിൽനിന്ന് മുന്നിലേക്ക് എന്ന് മറുപടി നൽകുന്നുണ്ട്. അതുതന്നെയാണ് ആ കഥാപാത്രവും, രണ്ട് കാലഘട്ടങ്ങളിലും അയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സന്യാസി പാലിൽ കലക്കി നൽകിയ മെഴുകുപോലുള്ള ദ്രാവകം കഴിച്ച് മായാലോകത്തിരിക്കുന്ന ബാബുക്കുട്ടനെ കാണിക്കുന്നുണ്ട്. അവിടം മുതലാണ് അയാൾ ആ സന്യാസിയുടെ വാക്കുകൾ ശ്രവിച്ച് സകലതും മറന്ന് ശിഷ്യത്വം സ്വീകരിക്കണമെന്ന ആവശ്യവുമായി ഇരിക്കുന്നത്. നേരം വെളുത്തു കഴിഞ്ഞ് അമ്പലത്തിൽ ആളുകൾ കൂടുമ്പോൾ ബാബുക്കുട്ടൻ ചോദിക്കുന്നുണ്ട്. ആ രാജാവിന്റെയും മന്ത്രിയുടെയും സുന്ദരിയുടെയും കഥ എന്തായി സ്വാമി...? ഈ സംഭാഷണത്തിന്റെ പൊരുൾ ഒരുപക്ഷെ, കേൾക്കുമ്പോൾ മനസിലായില്ലെന്നു വരാം. എന്നാൽ, പിന്നീട് നടക്കുന്ന സംഭവവികാസങ്ങളിൽ നിന്നും സ്വാമി ബാബുക്കുട്ടന് പറഞ്ഞു കൊടുത്തത് ആരുടെ കഥയാണെന്ന് മനസിലാകും. ആരംഭത്തിൽ കാണിച്ച രാജാവിന്റെ കഥ തന്നെ.
അമ്പലത്തിനു സമീപത്തെ ആൽത്തറയിൽ പതിവില്ലാതെ ഒരു സന്യാസിയെ കണ്ട ജനങ്ങൾ അദ്ദേഹം ഒരു ദിവ്യൻ ആണെന്നും, നാടിന്റെ ഐശ്വര്യം ആണെന്നും പറഞ്ഞ് ചുറ്റും കൂടുന്നുണ്ടെങ്കിലും ഭഗവാന്റെ വിഗ്രഹം കാണാതാകുമ്പോൾ ആ ദിവ്യത്വം നഷ്ടപ്പെട്ട് അയാൾ പെട്ടെന്ന് തന്നെ ഒരു കള്ളനാകുന്നു. ആൾക്കൂട്ടം അയാളെ കള്ളൻ എന്ന് മുദ്രകുത്തുന്നു. അങ്ങനെ അയാൾ കോടതി മുറിയിലെത്തുന്നു. പിന്നീട്, കോടതിമുറിയിൽ നടക്കുന്ന വിചാരണയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ രസകരമായി തന്നെ കോടതി രംഗങ്ങൾ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കോടതി ഇങ്ങനെയാണോ...? കോടതിയിൽ നടക്കുന്ന രംഗങ്ങൾ ആണോ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് എന്ന ചോദ്യങ്ങൾക്കുള്ള മറുപടി ഇതൊരു ഫാന്റസി മൂവിയാണ് റിയലിസ്റ്റിക് സിനിമ അല്ല അത് മനസ്സിൽ വക്കുക.
കോടതിയിൽ വെച്ച് ഇതിനുമുമ്പ് പലപ്പോഴും ഈ സന്യാസി ഇത്തരം സാഹചര്യങ്ങളിൽ ഇടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ നോക്കുമ്പോൾ ഇയാൾ ഒരു കള്ള സന്യാസിയാണോ...? അല്ല നേരെമറിച്ച്, അയാൾ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാൻ ചോദ്യങ്ങൾ ചോദിക്കുന്ന അവസരത്തിൽ ക്ഷേത്രത്തിലെ തിരുമേനിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. അശുദ്ധിയുള്ളത് കൊണ്ട് ഭഗവാൻ അമ്പലം വിട്ടിറങ്ങി പോയതാണെന്ന് പറയുന്നു. സന്യാസി വിശ്വാസത്തിന്റെ ഭാഗത്തുനിന്നാണ് സംസാരിക്കുന്നത്. വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്ത ഒട്ടനവധി സംഭവങ്ങളുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. തനിക്കെതിരെ വരുന്ന എല്ലാ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ആ സന്യാസിക്ക് കഴിയുന്നുണ്ട്. സാക്ഷികളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും നിയമത്തിലെ ഓരോ വാക്കുകളും അയാൾക്ക് മനപ്പാഠമാണ്. ഇതിൽ നിന്നും അത് വെറുമൊരു കപട സന്യാസി അല്ല എന്ന് മനസ്സിലാക്കാം. വിഗ്രഹമോഷണ കേസ് പൂർത്തിയാക്കും മുമ്പ് അവിടേക്ക് രാജാവ് കടന്നുവരുന്നുണ്ട്. ഇത് കഥയിൽ എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം.
രണ്ട് കഥകളിലും ഒരു സന്യാസിയുടെ സാന്നിധ്യം ഉള്ളതായി പറയുന്നുണ്ട്. അത് അപൂർണാനന്ദൻ തന്നെയാണ്. വിഗ്രഹമോഷണ കേസിൽ വാദിക്കുന്ന അവസരത്തിൽ സന്യാസി ഇടയ്ക്കിടെ കണ്ണുകൾ അടച്ച് ധ്യാനത്തിൽ ആയിരിക്കുമ്പോൾ കുതിരകുളമ്പടികളും, രാജാവിനെയും, അദ്ദേഹത്തിന്റെ മുന്നിലായി സഞ്ചരിക്കുന്ന മന്ത്രിയെയും ഇടവിട്ട് കാണിക്കുന്നുണ്ട്. അവർ ഇവിടേക്കാണ് വരുന്നതെന്നും, എപ്പോൾ വരുമെന്നും സന്യാസി നേരത്തെ മനസ്സിലാക്കിയിരുന്നു. രാജാവിന്റെ കാലഘട്ടത്തിൽ നിന്നും അയാൾ ജനാധിപത്യ കാലത്തിലേക്ക് എത്തിയിരിക്കുന്നു. രാജ്യാതിർത്തിക്ക് പുറത്ത് ഇങ്ങനെയൊരു കോടതി ഉണ്ടെന്നും, അവിടെ പരാതി നൽകണമെന്നും ഉപദേശിച്ച ആ സന്യാസി തന്നെയാണ് തന്റെ വാക്കുകളിലൂടെ രാജാവിന് കോടതി മുറിയിലേക്ക് ക്ഷണിക്കുന്നതും. സിനിമ കണ്ടവർക്ക് രണ്ട് കഥകളും പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇപ്പോൾ മനസിലാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ആദ്യപകുതിയിലെ വിഗ്രഹമോഷണക്കേസിൽ നിന്നും രണ്ടാം പകുതിയിലേക്കെത്തുമ്പോൾ അത് രാജാവിനെതിരെ ഒരു പ്രജ നൽകിയ കേസ് ആയിത്തീരുന്നു. തന്റെ മകളെ തട്ടിക്കൊണ്ടുപോയ വീരഭദ്രൻ എന്ന മന്ത്രിയെയും അതിനു കാരണഭൂതനായ രാജാവിനുമെതിരെ ഒരു സാധാരണക്കാരനായ പ്രജ നൽകിയ പരാതി.
എന്നാൽ രണ്ടാം പകുതിയിലെ വിചാരണയിൽ അന്തരീക്ഷം ആകെ മാറിമറിയുന്നത് കാണാം. ആദ്യപകുതിയിൽ, ജഡ്ജിക്ക് മുന്നിൽ ഇരുന്ന ഫാൻ മാറി അവിടെ നീതിദേവതയുടെ പ്രതിമ പ്രത്യക്ഷപ്പെടുന്നു. അശോകസ്തംഭത്തിന് പകരം ഒരു ഗ്ലോബ് വരുന്നു. ചുമരിൽ ഇരുന്ന ഗാന്ധിജിയുടെ ചിത്രം അപ്രത്യക്ഷമാകുന്നു. ട്യൂബ് ലൈറ്റുകൾ കൊട്ടാരവിളക്കുകളായിത്തീരുന്നു. വക്കീലന്മാർ ഇരിക്കുന്ന സ്ഥലം പോലും മാറി പ്രത്യേക രീതിയിൽ സജ്ജമാക്കപ്പെടുന്നു. കാഴ്ചക്കാരായി ഉണ്ടായിരുന്ന മറ്റു വ്യക്തികളെല്ലാം കോടതി മുറിയിൽ നിന്നും പുറത്താക്കപ്പെടുന്നു. രാജാവും, മന്ത്രിയും മറ്റ് പരിവാരങ്ങളും കോടതിയിലെ ഉദ്യോഗസ്ഥവൃന്ദവും അകത്ത് അവശേഷിക്കുന്നു. അപൂർണാനന്ദൻ നേരത്തെ പറഞ്ഞതുപോലെ ചിലപ്പോൾ ഭാവിയിൽ നിന്ന് ഭൂതത്തിലേക്ക് സഞ്ചരിച്ചതായിരിക്കാം. തുടർന്ന് നടക്കുന്ന വിചാരണയിൽ രാജാവിനെതിരെ ചുമത്തപ്പെട്ട കേസ് എന്താണ് അതിനെ ചുറ്റിപ്പറ്റി നടന്ന സംഭവവികാസങ്ങളും സംസാരവിഷയമായിത്തീരുന്നു. എന്നാൽ, ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. അധികാരം കൈയ്യാളുന്ന ഒരു വിഭാഗത്തിന് നിയമത്തെ പോലും വരുതിയിലാക്കാൻ കഴിയുമെന്നാണ്.
ആദ്യഭാഗത്തിൽ ദൈവം സാക്ഷിയായി കോടതിയിൽ സത്യം ചെയ്യിച്ചുവെങ്കിൽ രണ്ടാം ഭാഗത്തിൽ അതോടൊപ്പം 'പൊന്നു തമ്പുരാൻ' മുമ്പാകെ എന്ന വാക്ക് കൂടി കൂട്ടിചേർക്കപ്പെടുന്നു. പ്രതിക്കൂട്ടിൽ നിൽക്കേണ്ട രാജാവ് സിംഹാസനത്തിൽ ആസനസ്ഥനായിരിക്കുന്നു. അദ്ദേഹത്തെ കണ്ട് നിയമം പോലും ഭയന്ന് വിറക്കുന്നു. കോടതിയിൽ അതുവരെ നിലനിർത്തി പോന്നിരുന്ന മാമൂലുകളും മറ്റും രാജാവിനു വേണ്ടി ലംഘിക്കപ്പെടുന്നു.ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ പിതാവും, അവളെ ഇഷ്ടപ്പെട്ടിരുന്ന ഒരുവനും രാജാവിനെതിരെ സാക്ഷ്യം പറയുമ്പോൾ അവയെല്ലാം രാജാവിന് അനുകൂലമാക്കി മാറ്റപ്പെടുകയാണ് ചെയ്യുന്നത്.ഇവിടെയാണ് എം. മുകുന്ദൻ തന്റെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നത്. "രാജാവിന്റെ സ്വഭാവം, പെരുമാറ്റം, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവയൊക്കെ ഏതുകാലത്തും ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്." അതുകൊണ്ടുതന്നെ രാജാവിനെ പ്രീതിപ്പെടുത്തുന്നവരാണ് പ്രജകൾ, അല്ലെങ്കിൽ അങ്ങനെയാകണം. വ്യക്തിസ്വാതന്ത്ര്യം പോലും രാജാക്കന്മാരിൽ നിന്നും നൽകപ്പെടേണ്ട അവസ്ഥ. രാജകല്പന രാജാവിന് ഗുണകരമാം വിധത്തിൽ സൃഷ്ടിക്കപ്പെടുന്നു. രാജാവിനെ പ്രീതിപ്പെടുത്താൻ അദ്ദേഹത്തിന്റെ കീഴിലെ അധികാരവർഗ്ഗം കിണഞ്ഞു പരിശ്രമിക്കുന്നു. ഏത് വിധേനയും രാജകല്പന നിറവേറ്റുക എന്ന ലക്ഷ്യത്താൽ ആ സുന്ദരിയോട് അയാൾ സ്നേഹം നടിച്ചു, അവളെ ആശ്വസിപ്പിച്ചു, രക്ഷിച്ചു, സമാധാനിപ്പിച്ചു, മോഹങ്ങൾ നൽകി അവളെ വഞ്ചിച്ചു. ആത്മാർത്ഥമെന്ന് കരുതി അവൾ നൽകിയ സ്നേഹത്തെ അയാൾ തട്ടിത്തെറിപ്പിച്ചു. അവളുടെ ഹൃദയം കുത്തി മുറിവേൽപ്പിച്ചു.
അപ്പോഴും രാജകല്പന നിറവേറ്റാൻ മന്ത്രി കാണിച്ച ആത്മാർത്ഥതയെയാണ് അവിടെ ഉയർത്തിപ്പിടിച്ചത്. അതിനിടയിൽ അവൾക്ക് നേരിടേണ്ടിവന്ന അപമാനവും, പരിഹാസങ്ങളും എല്ലാം ഒന്നുമല്ലാതായിത്തീർന്നു. രാജാവിന്റെയും, മന്ത്രിയുടെയും, സുന്ദരിയുടെയും കഥയുടെ ബാക്കിയാണ് നമ്മൾ പിന്നീട് ഇവിടെ കണ്ടത്. കുറ്റബോധമില്ലാതെ രാജകല്പനയാണ് തനിക്ക് പ്രധാനമെന്ന് അയാൾ മൊഴി നൽകി. വിചാരണ നേരിടാൻ തയ്യാറായി വന്ന രാജാവിന്റെ മാഹാത്മ്യത്തെ വാഴ്ത്തി പാടിയ കോടതി അദ്ദേഹം ക്ഷുഭിതനാകുമ്പോൾ നിശബ്ദനാകുന്നു. കോടതിയിൽ വച്ച് തന്നെ എതിർഭാഗം വക്കീലിനെ ചൂണ്ടി നിങ്ങളുടെ കഴുത്തറുക്കുമെന്ന് ഭീഷണി മുഴക്കുന്ന രാജാവിനു മുന്നിൽ ജഡ്ജി പഞ്ചഭുജമടക്കി നിൽക്കുന്നു.
നിയമത്തിൽ എന്തൊക്കെ പറഞ്ഞാലും തീരുമാനങ്ങൾ രാജാവിന്റെ വഴിക്ക്. അവസാനം, രാജാവിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ കോടതി ഉത്തരവിടുമ്പോൾ വാദി പ്രതിയാക്കപ്പെടുന്നു. രാജാവ് താൻ കണ്ട സ്വപ്നത്തിലൂടെ തനിക്കുണ്ടായ ഈ അപൂർവ്വ രോഗം എങ്ങനെ മാറുമെന്ന് കോടതിക്ക് മുന്നിൽ അവതരിപ്പിക്കുന്നു. രാജ്യം സംരക്ഷിക്കുന്ന രാജാവിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് പ്രജയുടെ കടമയാണെന്ന ന്യായീകരണത്തിൽ താൻ അനുഭവിച്ചതിലും കൂടുതൽ പീഡനങ്ങൾ അവൾക്ക് വീണ്ടും നേരിടേണ്ടിവരുന്നു. കോടതി മുറിയിലേക്ക് അവരെ എത്തിച്ച സന്യാസിയെ അവർ ചാരനും,രാജ്യദ്രോഹിയുമാക്കുന്നു.തങ്ങൾക്ക് നീതി തേടി വന്ന ആ പാവം പ്രജകൾ രാജാവിന് വേണ്ട നീതി നടപ്പിലാക്കാൻ നിർബന്ധിതരാകുന്നു. പൊതുജനമധ്യത്തിൽ അവൾ അപമാനിക്കപ്പെടുന്നു, വിവസ്ത്രയാക്കപ്പെടുന്നു. ഒരു സ്ത്രീയെന്ന മാനുഷിക പരിഗണന പോലും നൽകാതെ അവളെ അവർ വലിച്ചുകീറുന്നു. എല്ലാം കണ്ണുകളടച്ച് ഒരു കൈയ്യിൽ വാളും, മറു കൈയ്യിൽ തുലാസും പിടിച്ചു നിൽക്കുന്ന നീതിദേവതയ്ക്ക് മുന്നിലാണ് അരങ്ങേറുന്നത്. എത്ര മനോഹരമായിട്ടാണ് ആ രംഗങ്ങൾ സംവിധായകനും, അണിയറ പ്രവർത്തകരും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ലഭിച്ചേക്കാവുന്ന ഒരു രംഗം.എന്നാൽ, ക്ലീൻ U സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെതിയത്.
എന്തുകൊണ്ട് ചിത്രത്തിന് A സർട്ടിഫിക്കറ്റ് ലഭിച്ചില്ലായെന്ന് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഒരു സംവിധായകന്റെ വ്യക്തമായ കാഴ്ചപ്പാട് അത് അയാളുടെ പ്രവർത്തികളിലും പ്രതിഫലിക്കുന്നത് നമുക്ക് ഇവിടെ കാണാൻ സാധിക്കും. ക്രൂരപീഡനമേറ്റിട്ടും രാജാവിന്റെ ആഗ്രഹം നടന്നില്ല. ഇതിനിടയിലേക്കാണ് ദിവ്യനായ സന്യാസി വീണ്ടും കടന്നുവരുന്നത്. കണ്ണുകളടച്ച നീതി ദേവതക്കു മുന്നിൽ ഇതെല്ലാം കണ്ട് ബോധരഹിതനായ അയാൾ പക്ഷേ, അവൾക്ക് നേരെ കണ്ണടച്ചില്ല. രാജാവിന്റെ ആഗ്രഹം നിറവേറ്റാൻ ആ സുന്ദരിയെ അയാൾ പ്രാപ്തയാക്കുന്നു. പ്രജകളുടെ കണ്ണുനീർ കുടിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന അധികാരവർഗം. എത്ര പേരിവിടെ വാവിട്ട് കരഞ്ഞിരിക്കുന്നു എന്ന ജഡ്ജിയുടെ വാക്കുകളിൽ നിന്നും ഇതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല എന്ന് സാരം.
ആക്ഷേപത്തിന്റെയും, അക്രമത്തിന്റെയും പാതയിൽ ചാട്ടവാറുകളാണ് അധികാര വർഗ്ഗത്തിനായി സംസാരിച്ചതെങ്കിൽ, ആ മുറിവുകളിൽ ഒരു തൂവൽ സ്പർശം കൊണ്ട് അയാൾ അവളെ ഉണർത്തി. എത്ര തല്ലിപറഞ്ഞിട്ടും കാര്യമില്ലെന്ന് കരുതിയവർക്ക് മുന്നിൽ തലോടലിലൂടെ അയാൾ കാര്യങ്ങൾ അവതരിപ്പിച്ചു. ജനങ്ങളോട് അധികാരികൾക്ക് ഇങ്ങനെയും പ്രവർത്തിക്കാം എന്ന് ആ സന്യാസി പഠിപ്പിച്ചു തരുന്നു. തങ്ങൾക്ക് മുന്നിൽ എന്താണ് സംഭവിച്ചത് എന്നറിയാതെ എല്ലാവരും അമ്പരന്നു നിൽക്കുമ്പോൾ അവർക്കിടയിൽ നിന്നും ആ സന്യാസി യാത്രയായി.
മറ്റൊരു ലോകത്തിലേക്ക്...
മറ്റൊരു കാലത്തിലേക്ക്...
അയാൾ എവിടെ നിന്നോ വന്നു... എവിടേക്കോ പോയി...
സിനിമയുടെ അവസാനത്തിൽ മന്ത്രി വീരഭദ്രൻ ഇതെല്ലാം ഒരു സ്വപ്നമായിരുന്നോ എന്ന് ഓർക്കുന്നുണ്ട്.
അധികാരത്തിന്റെ ധാർഷ്ട്യത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറങ്ങിത്തിരിച്ച രാജാവും,മന്ത്രിയും. രാജാവിന്റെ ആഗ്രഹം എന്താണെന്ന് പോലും ശരിക്ക് മനസ്സിലാക്കാതെയാണ് മന്ത്രി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നത്. "എനിക്ക് സുഖമായി ഉറങ്ങാൻ ഒരു പെണ്ണിനെ വേണ"മെന്ന് രാജാവ് പറയുമ്പോൾ, തന്റെ നിധി നിലവറയിൽ ഒളിപ്പിച്ചതിനു ശേഷം അന്യന്റേത് കവരാനാണ് മന്ത്രി യാത്രയായത്. ഏതുവിധേനയും രാജാക്കന്മാരെ പ്രീതിപ്പെടുത്തുന്ന ഉദ്യോഗസ്ഥവൃന്ദം. രാജാവിന്റെ സ്വപ്നം നിറവേറ്റാൻ പ്രേമത്താൽ വഞ്ചിക്കപ്പെട്ട, വ്യക്തിസ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട സുന്ദരിയായ പെൺകുട്ടി. നീതി ദേവതക്കു മുന്നിലാണ് അവൾ അപമാനിക്കപ്പെടുന്നത്. അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി ഉയരേണ്ട ശബ്ദം, അധികാര വർഗ്ഗത്തിനു മുന്നിൽ അടിയറവ് പറയുന്നു.
എത്ര മനോഹരമായാണ് എബ്രിഡ് ഷൈൻ എന്ന സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് മനസ്സിലായില്ല എന്ന ഒറ്റ കാരണത്താൽ ഒരു ചിത്രത്തെ മോശമാക്കുന്നത് എങ്ങനെ. പ്രശസ്ത സിനിമ സംവിധായകനായ Laljose തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത് കണ്ടു.
"അങ്ങിനെയും ചില സിനിമകളുണ്ട്. മഹാവീര്യർ പോലെ. ഒറ്റക്കാഴ്ചയിൽ എല്ലാം തുറന്നു വയ്ക്കാത്തവ. പ്രേക്ഷകൻ കൂടി ചേർന്ന് പൂരിപ്പിക്കേണ്ട സമസ്യയാണ് അത്തരം സിനിമകൾ. ഒരുവേള പിന്നൊരു കാലത്തും ചർച്ച ചെയ്യപ്പെടുന്നവ. അത്തരം സിനിമകൾക്ക് നമ്മുടെ ശ്രദ്ധയും, സപ്പോർട്ടും വേണം..."
തുടർന്ന് അദ്ദേഹം എബ്രിഡ് ഷൈൻ എന്ന സംവിധായകനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട്. ഒരു ഓൺലൈൻ റിവ്യൂവിൽ എഴുതി കണ്ടു 'ഫോണിൽ കളിച്ചും, പോപ്കോണിന് ശ്രദ്ധ നൽകിയും ആഘോഷമാക്കി കണ്ടാൽ അങ്ങനെ കാണേണ്ട ഒരു സിനിമയല്ല ഇത്'. ഈ കഥയോടും, കഥാപാത്രങ്ങളോടും ഒപ്പം നമുക്കും സഞ്ചരിക്കാൻ സാധിക്കണം.സിനിമ കണ്ണു കൊണ്ട് മാത്രം കാണുന്നവരുണ്ട്. ഹൃദയം കൊണ്ടുകൂടി കാണാൻ ശ്രമിക്കുക. അത്തരത്തിലുള്ള ഒരു ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കോമഡി, മാസ് - ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഒരു ചിത്രമല്ല മഹാവീര്യർ. അതുപോലെതന്നെ ഒരു മെഷീൻ ഉപയോഗിച്ച് കാലങ്ങളിലേക്ക് മാറിമാറി സഞ്ചരിക്കുന്ന രീതിയുമില്ല ഇതിൽ, നേരായ രേഖയിലാണ് കഥ പറഞ്ഞു പോകുന്നത്. 2020-ൽ കോടതിയിൽ ആരംഭിച്ച വിഗ്രഹമോഷണക്കേസ് 2030-ൽ രാജാവിന്റെ കേസിൽ വിധി തീർപ്പാക്കുന്നതിൽ എത്തി നിൽക്കുന്നു. സംവിധായകൻ കൂടുതൽ ഊന്നൽ കൊടുത്തിരിക്കുന്നത് അധികാരവർഗ്ഗത്തിന്റെ അക്രമങ്ങളിലേക്കാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ ശ്രദ്ധിച്ചാൽ മനസിലാകും. അധികാരത്തിന്റെ ആൾരൂപമായി നിലകൊള്ളുന്ന എല്ലാ കഥാപാത്രങ്ങളുടെയും പേരിനൊപ്പം 'VEER' എന്ന് ചേർത്തിട്ടുണ്ട്. അത് ഓരോ ക്യാരക്ടർ പോസ്റ്ററുകളിലും പ്രത്യേകം ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാൻ സാധിക്കും. അവരുടെ പ്രവർത്തികളും സിനിമ കാണുമ്പോൾ നമ്മളെ അലോസരപ്പെടുത്തും.
ഉറക്കം നഷ്ടപ്പെട്ട ഒരു രാജാവിൽ നിന്നും കഥ ആരംഭിച്ച് സിനിമ അവസാനിക്കുമ്പോൾ അയാൾ സുഖമായി ഉറങ്ങുകയാണ്. പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരെ ആര് ശ്രദ്ധിക്കാൻ.കള്ളനല്ലാത്ത ഒരുവനെ അത്തരം സാഹചര്യത്തിൽ കാണപ്പെടാം എന്ന് സന്യാസി ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മുടെ പൊതുസമൂഹത്തിൽ ഒട്ടനവധി ആൾക്കൂട്ട വിചാരണകൾ നടന്നിട്ടുണ്ട്. അതിനു നമ്മൾ സാക്ഷികളുമാണ്. ശബ്ദമില്ലാത്തതു കൊണ്ടു മാത്രം അടിച്ചമർത്തപ്പെട്ട ജനങ്ങൾ. കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന് പറഞ്ഞുകൊണ്ട് പഴയ സിനിമകളെ നമ്മളിന്ന് ആഘോഷമാക്കുമ്പോൾ അത്തരമൊരു വിഭാഗത്തിലേക്ക് ഈ ചിത്രവും ചേർക്കപ്പെടാതിരിക്കണമെങ്കിൽ മനസ്സ് തുറന്ന് സിനിമയെ കാണുക. അഭിപ്രായങ്ങൾ വ്യക്തിപരമാവട്ടെ.
ആദ്യദിനം, തീയേറ്ററിൽ നിന്നും സിനിമ മുഴുവൻ കാണാതെ ഇറങ്ങിപ്പോയ ഒരാളെ കണ്ടപ്പോൾ സങ്കടം തോന്നി ചിത്രം എങ്ങനെ അവസാനിക്കുമെന്ന് പോലും കാണാൻ നിക്കാതെയുള്ളൊരു ഇറങ്ങിപ്പോക്ക്. വെറുതെ കണ്ടു മറക്കുന്ന വിനോദോപാതി മാത്രമായി സിനിമയെ കാണാതെ കണ്ടു കഴിഞ്ഞതിനു ശേഷവും അതിനെക്കുറിച്ചു കൂടുതൽ ചിന്തിക്കുവാനും, വ്യത്യസ്ത തലങ്ങൾ മനസിലാക്കുവാനും സാധിക്കുന്ന ഇത്തരം ചിത്രങ്ങളോട് വ്യക്തിപരമായി ഏറെ ഇഷ്ടമാണ്. സംവിധായകൻ പറഞ്ഞതുപോലെ ഓരോ തവണ കാണുമ്പോഴും ഈ സിനിമ കൂടുതൽ, കൂടുതൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
ഈ സിനിമ കണ്ടതിനു ശേഷമുള്ള എന്റെ കാഴ്ചപ്പാടാണ് ഇവിടെ പങ്കുവെച്ചത്. ഇതുപോലെ തന്നെ ആവണെമെന്നും നിർബന്ധമില്ല. ഇതുപോലൊരു പടം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനുശേഷം ഉണ്ടാകുമായിരിക്കാം. ഇത്തരം ചിത്രങ്ങൾ വിജയിക്കേണ്ടതും അനിവാര്യമാണ്. വ്യത്യസ്തതകളും പുതുമകളും നമുക്കിനിയും വേണമെങ്കിൽ മാത്രം. കണ്ടിട്ടും മനസ്സിലായില്ലെന്ന കുറെ കൂട്ടരുടെ പരാതികളിലാണ് ഇത്രയും വലിയൊരു എഴുത്തിനായി മുതിർന്നത്. കാണണമെന്ന് ആഗ്രഹിച്ചിരുന്നവർ പോലും ആൾക്കൂട്ട അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കുന്നതും ദുഃഖകരം. തിയേറ്ററിൽ തന്നെ അനുഭവിച്ച് അറിയേണ്ട ദൃശ്യമികവും, ശബ്ദ സംവിധാനങ്ങളും ഓരോ കഥാപാത്രങ്ങളുടെയും മികച്ച പ്രകടനങ്ങളും ഈ ചിത്രത്തിന് മുതൽക്കൂട്ടാണ്. നായികാ കഥാപാത്രം അവതരിപ്പിച്ച ഷാൻവി ശ്രീവാസ്തവ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. നിവിൻ പോളി, ആസിഫ് അലി,ലാലു അലക്സ്,സിദ്ദിഖ്, ലാൽ എന്നിവരെല്ലാം നല്ല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇത്തരമൊരു കലാസൃഷ്ടിക്ക് സംവിധായകന് ഒരായിരം നന്ദി. ഇതുപോലുള്ള ചിത്രങ്ങൾ കാണുമ്പോൾ അവയെക്കുറിച്ച് കൂടുതലായി അറിയേണ്ടതിന്റെ ആവശ്യകത ഇപ്പോൾ മനസ്സിലാക്കുന്നു.
ഇതൊരുപക്ഷേ നിങ്ങളുടെ കപ്പിലെ ചായ അല്ലായിരിക്കാം. പക്ഷേ ഏതുതരത്തിലുള്ള ചായയാണെന്നറിയാതെ കുടിക്കാനും, കുടിക്കാതെ വിമർശിക്കാനും മുതിരരുത് എന്ന് അഭ്യർത്ഥന. തിയേറ്ററിൽ നിന്നു തന്നെ ചിത്രം കാണാൻ പരിശ്രമിക്കുക. ഒ. ടി. ടി റിലീസിനു ശേഷം ഈ സിനിമയെക്കുറിച്ച് ഒരുപാട് സംസാരിക്കുമെന്ന് ഉറപ്പാണ്. അത് ഇപ്പോൾ സംഭവിച്ചാൽ ഇനിയും ഇതുപോലുള്ള മനോഹരമായ സൃഷ്ടികൾ ഇവിടെ ഉടലെടുക്കും.
ഏറെ പ്രതീക്ഷയോടെ
✍️ ഒരു 😌 സിനിമപ്രേമി✌️
Laljose
Nivin Pauly Nivin Pauly Fans Club Nivin Pauly Fans Kerala
Shanvi Srivastava Lalu Alex