15/04/2026
കാടിൻറെ കാവൽക്കാരൻ
അങ്ങ് ദൂരെ, ആമസോൺ കാടുകൾക്കുളിൽ ജീവിച്ചിരുന്ന മൃഗങ്ങൾക്കിടയിൽ ഒരു പ്രത്യേക ആചാരം ഉണ്ടായിരുന്നു. കാടിന്റെ രാജാവ് സിംഹം ആയിരുന്നെങ്കിലും തന്നിൽ നിഷിപ്തം ആയിരിക്കുന്ന ജോലികൾ പലരിലും ആയി കൊടുത്തു, ആ കാടിന്റെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാൻ സിംഹ രാജാവ് എന്നും ശ്രമിച്ചിരുന്നു. മൃഗങ്ങൾ തമ്മിൽ ഇതിന്റെ പേരിൽ തർക്കത്തിലേർപ്പെടാതിരിക്കാൻ ഓരോ ഉത്തരവാദിത്തം ഓരോ വിഭാഗത്തിലുള്ള മൃഗങ്ങളെ ഏൽപ്പിക്കുകയും, എല്ലാ വർഷവും അവരുടെ ഉത്തരവാദിത്തങ്ങളും, അതേറ്റെടുക്കേണ്ടിയ വ്യക്തിയെയും തിരഞ്ഞെടുപ്പിലൂടെ മാറ്റുകയും ചെയ്തിരുന്നു.
ആഭ്യന്തര സുരക്ഷയ്ക്കായിരുന്നു എന്നും അടിയും പിടിയും. കരടിക്കും, കടുവയ്ക്കും, പുലിക്കും മാത്രം ആയിരുന്നു ആ ഉത്തരവാദിത്തങ്ങൾ കൊടുത്തിരുന്നത്. അത് പോലെ തന്നെ ധനകാര്യം കൈകാര്യം ചെയ്തിരുന്നത് കുരങ്ങന്മാർ ആയിരുന്നു. വിദേശ മന്ത്രാലയത്തിന്റെ ചാർജ് കുറുക്കന്മാർ ഏറ്റെടുത്തപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വന്നു വീണത് പന്നികളുടെ മുകളിൽ ആയിരുന്നു.
ആമസോൺ കാടുകളുടെ തെക്കു വടക്കായി സ്ഥിതി ചെയ്യുന്ന ഈ ചെറു കാടിന് ഒരു ചെറിയ ശാപം ഉണ്ടായിരുന്നു. വരൾച്ചയുടെ സമയം ആകുമ്പോൾ ഒരു തുള്ളി വെള്ളം കിട്ടില്ല.
കുറേ വർഷക്കാലം അടിസ്ഥാനസൗകര്യങ്ങളുടെ ഉത്തരവാദിത്തം പലരെയും ഏൽപ്പിച്ചിട്ടും ഒന്നും നടപടി ആകാഞ്ഞത് കൊണ്ടാണ്, ആ ഒരു ഉത്തരവാദിത്തത്തിനു തിരഞ്ഞെടുപ്പ് വേണ്ട എന്ന് തീരുമാനിച്ചു, പന്നികളെ ഏൽപ്പിച്ചത്. ശെരിക്കും പറഞ്ഞാൽ പന്നികളുടെ മേൽ ഈ ഉത്തരവാദിത്തം വന്നു വീണിട്ടു ഏകദേശം 20 വർഷത്തോളം ആയി. സത്യം പറഞ്ഞാൽ, ഈ 20 വർഷക്കാലം അവിടെ വലിയ പ്രശനങ്ങൾ ഇല്ലാതെ ചൂട് കാലത്തും മഴ ലഭിച്ചു കൊണ്ടേ ഇരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ എന്ന വിഭാഗം വളരെ എളുപ്പമുള്ള ഒന്നാണ് എന്ന് കരുതി ഇത്തവണ അത് വോട്ടിങ്ങിനു വയ്ക്കണം എന്ന് ഒരു പറ്റം മൃഗങ്ങൾ അഭ്യർഥിച്ചു. ഈ വോട്ടിങ്ങിനു ഏതാനും മാസങ്ങൾക്കു മുൻപ് കുഴപ്പൻ മലനിരകകളിൽ നിന്നും ഒരു സുന്ദരൻ ആയ മയിൽ ഈ കൂട്ടത്തിലോട്ടു വന്നു താമസം തുടങ്ങി. അവിടുത്തെ സ്ഥിരം മയിലുകൾക്കു ഒരു വിലയും രാജാവ് കല്പിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഈ സുന്ദര കോമള മയിലിനെ വച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ മറ്റു മയിലുകൾ തീരുമാനിച്ചു.
വേനൽ സമയത്താണ് സാധാരണ ഗതിയിൽ ഈ തിരഞ്ഞെടുപ്പ് നടത്തുക. പക്ഷെ മൃഗങ്ങളുടെ അഭ്യർത്ഥന പ്രമാണിച്ചു രാജാവ് ഇത്തവണ മഴ അവസാനിക്കുന്നതിനു മുൻപേ നടത്താം എന്ന് തീരുമാനിച്ചു. എല്ലാ ഉത്തരവാദിത്തങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ രാജാവ് കൽപ്പിച്ചു. ആർക്കും വേണ്ടാതെ ഇരുന്ന അടിസ്ഥാന സൗകര്യ ഉത്തരവാദിത്തത്തിനു വേണ്ടി ഇത്തവണ 3 പേര് നോമിനേഷൻ കൊടുത്തു- ഒന്ന്, നൃപത് എന്ന സുന്ദര മയിൽ, മ്‌ളായി എന്ന തവള, പിന്നെ എല്ലാ വർഷത്തേയും പോലെ ധ്രുതൻ എന്ന പന്നി.
ഒരേ സ്ഥാനത്തേക്ക്, അതും ആർക്കും വേണ്ടാത്ത ആ ഉത്തരവാദിത്തത്തിലേക്കു, 3 പേരുടെ നോമിനേഷൻ കണ്ടപ്പോൾ രാജാവും ആശ്ചര്യപ്പെട്ടു. ഇത്തവണ തിരഞ്ഞെടുപ്പ് അൽപ്പം രസകരം ആകട്ടെ എന്ന് കരുതി രാജാവ് ഒരു മീറ്റ് ദി ക്യാൻഡിഡേറ്റ് പരുപാടി നടത്തി.
മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയിലേക്ക് രാജാവ് ആദ്യം വിളിച്ചത് സുന്ദരൻ ആയ നമ്മുടെ നൃപതിനെ ആണ്. നൃപതിന്റെ സൗന്ദര്യം കണ്ടപ്പോൾ തന്നെ മൃഗങ്ങൾ എല്ലാം ഫ്ലാറ്റ് ആയി പോയി. തന്റെ കഴിവുകളും, തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളും ഒക്കെ വെടിപ്പായി അവതരിപ്പിച്ച നൃപത്, തന്നെ സഹായിക്കാൻ കിഴക്കൻ മലകളിലെ കിരീടം വയ്ക്കാത്ത രാജാവുണ്ട് എന്നും മൃഗങ്ങളെ അറിയിച്ചു. സത്യം പറയാല്ലോ, നൃപത് പറഞ്ഞത് കേട്ടപ്പോൾ പാവം നമ്മുടെ സിംഹ രാജാവ് പോലും ചെറുതായി ഒന്ന് പേടിച്ചു.
നൃപതിനു ശേഷം അടുത്ത സ്ഥാനാർഥിയെ വിളിക്കാൻ രാജാവ് തയ്യാറെടുക്കുമ്പോളാണ് കിഴക്കൻ മലകളിലെ രാജാവ് അങ്ങോട്ട് ആഗതൻ ആകുന്നതു ലിയോ രാജാവ് കാണുന്നത്. കിഴക്കൻ മലയിലെ ആ കിരീടം വയ്ക്കാത്ത രാജാവ് മാദ്രി, നൃപതിന്റെ കഴിവിനെ കുറിച്ച് വാനോളം പുകഴ്ത്തി. എന്തിനധികം നൃപത് തന്റെ തിരുനെറ്റിയിൽ തിലകക്കുറി ആണെന്ന് വരെ അങ്ങ് വാദിച്ചു.
ലിയോ 14 അമന്റെ കാറ്റ് പോയ അവസ്ഥ ആണ് അപ്പോൾ ഉണ്ടായത്. നൃപത് തനിക്കും മുകളിൽ ആണെന്ന് ആ പാവം അറിയാതെ തെറ്റിദ്ധരിച്ചു. പെട്ടന്ന് ആകാശത്തു മഴക്കാറ് കയറി, നൃപത് തന്റെ പീലികൾ മുഴുവൻ വിരിച്ചു അങ്ങോട്ട് നൃത്തം കളിയ്ക്കാൻ തുടങ്ങി. മഴ വരുമ്പോൾ അത് ജനങ്ങളെ തനിക്കു അറിയിക്കാൻ കഴിയും എന്നും, തന്റെ നൃത്തം ഉണ്ടേൽ ഒരിക്കലും ഇവിടെ മഴ പെയ്യാതെ ഇരിക്കില്ല എന്നുമൊക്കെ നൃപത് അവരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു.
അപ്പോൾ താഴെ ജനങ്ങൾക്കിടയിൽ നിന്നും ഒരു ചെറിയ ശബ്ദം ഉയർന്നു, "ഞാൻ ഈ കാട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട് കുറേ കാലം ആയി. മഴ വരുമ്പോൾ ഞാനും എല്ലാരേം കരഞ്ഞു അറിയിക്കാറുണ്ട്. അത് കൊണ്ട് പുറത്തൂന്നു വരുന്ന ഒരു പുതുമുഖത്തിനേയും കാടിന് വേണ്ട". ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ച മൃഗങ്ങൾ കാണുന്നതാകട്ടെ മ്‌ളായി എന്ന തവളയെ. മ്‌ളായി അവിടെ നിർത്തിയില്ല. "ഇത്രയും നാൾ ഞാൻ എല്ലാവര്ക്കും വേണ്ടി പ്രയത്നിച്ചു. ഇത്രയും നാൾ എന്റെ പ്രയത്നങ്ങളെ കണ്ടതായി ആരും ഭാവിച്ചില്ല. എന്നാൽ ഇന്ന്, ഇത്തവണ ഞാൻ ജയിക്കും. ആ പൊട്ടൻ ധൃതന് എന്നതാ അറിയുക. കഴിഞ്ഞ 20 വര്ഷം അവൻ എന്നതാ ഇവിടെ കാണിച്ചത്. മണലിൽ കിടന്നു കുറെ കളിക്കും, ദേഹത്ത് ചെളി ആക്കും എന്നതല്ലാതെ അവനെ കൊണ്ട് എന്തിനു കൊള്ളാം. നിങ്ങള്ക്ക് വേണ്ടിയാണ് കുറ്റീം പറിച്ചു വന്ന ടീമ്സിനെയോ, ഒരു പണിയും ചെയ്യാത്ത ആ പന്നിയെയോ അല്ല, മറിച്ചു നിങ്ങളുടെ ശബ്ദം ആയി മാറാറുള്ള എന്നെ ആണ്". അത്രയും പറഞ്ഞു കൊണ്ട് മ്‌ളായി തന്റെ അധിക പ്രസംഗം അവസാനിപ്പിച്ചു.
അടുത്ത സ്ഥാനാർഥി ആയ ധൃതനെ എല്ലാരും അന്വേഷിച്ചെങ്കിലും ധൃതനെ കാണാൻ സാധിച്ചില്ല. പെട്ടന്ന് ഒരു മിന്നൽ അടിക്കുകയും, കാട്ടിലെ ഇപ്പോളത്തെ ധകാര്യ മന്ത്രി ആയ ഈയോ കുരങ്ങൻ ചാകുകയും ചെയ്തു. ആ മരണത്തിൽ അനുശോചിച്ചു കൊണ്ട് കാട്ടിൽ 1 മാസത്തെ ദുഃഖാചരണത്തിനു രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
ഈയോ കുരങ്ങന്റെ മരണം കഴിഞ്ഞു ഇപ്പോൾ ഏകദേശം 2 ആഴ്ച ആയി കാണും. കാട്ടിൽ വീണ്ടും വറവ് തുടങ്ങി. ജലക്ഷാമം ചെറുതായി അനുഭവപ്പെടാൻ തുടങ്ങി. മൃഗങ്ങൾ ഓടി നൃപതിന്റെ അടുത്തെത്തി. വെള്ളത്തിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ ഒരു നൃത്തം ആടി മഴ കൊണ്ട് വന്നു തരാൻ മൃഗങ്ങൾ നൃപതിനോട് അപേക്ഷിച്ചു. അപ്പോളാണ് നൃപത് അങ്കലാപ്പിൽ ആകുന്നതു. നൃപതിനു നൃത്തം കളിച്ചു മഴ കൊണ്ട് വരൻ കഴിയില്ല എന്നും, മഴക്കാറുള്ളപ്പോൾ മാത്രമാണ് തനിക്കു നൃത്തം കളിക്കാൻ കഴിയുക എന്നും നൃപത് പറഞ്ഞപ്പോൾ മൃഗങ്ങൾക്കു ആകെ ദേഷ്യം ആയി. തങ്ങളെ തെറ്റിദ്ധരിപ്പിച്ചു ജയിക്കാൻ ശ്രമിച്ച നൃപതിനെ അവർ രാജാവിന് മുൻപിൽ ഹാജരാക്കി.
ഈയോ കുരങ്ങന്റെ വിയോഗത്തിൽ ദുഃഖിതൻ ആയ രാജാവ്, നൃപതിനു താക്കീതു നൽകുകയും, അയാൾ ആ നിമിഷം തന്നെ കാട് വിട്ടു തെക്കൻ മലയിലേക്കു പോകാൻ ഉത്തരവിടുകയും ചെയ്തു.
എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന മൃഗങ്ങൾ പെട്ടന്ന് ആണ് മ്‌ളായി തവളയെ ഓർത്തത്. എല്ലാവരും കൂടി മ്‌ളായി തവളയെ തപ്പി ഇറങ്ങി. മ്‌ളായി തവളയുടെ വീട്ടിൽ എത്തിയ അവർ കണ്ടതാകട്ടെ ഒരു കഷ്ണം പേപ്പറിൽ എഴുതിയ ഒരു കത്ത്, "പ്രിയ മിലോണി, ഇവിടെ വെള്ളം ഇല്ലാത്തതു കാരണം ഞാൻ അടുത്ത ഗ്രാമത്തിലേക്ക് പോകുകയാ. എന്നെ ഇവിടെ കണ്ടില്ലേൽ നീ പിള്ളേരേം കൂട്ടി അടുത്ത ഗ്രാമത്തിലേക്ക് വന്നേക്കണേ". മ്‌ളായി സ്നേഹത്തോടെ തന്റെ ഭാര്യക്കെഴുതിയ കത്ത് വായിച്ചു എല്ലാരും വിഷമത്തിലായി. മ്ലായിയെ പോലെ ഗ്രാമത്തിലേക്ക് പോയി വെള്ളം കുടിച്ചാലോ എന്ന് കരുതി അവർ കാടിന്റെ അതിർത്തിയിലേക്ക് നീങ്ങി.
നടക്കുന്ന വഴിയിൽ പൊടിയും പിടിച്ചു തളർന്നിരിക്കുന്നു ധൃതിനെ കണ്ടു എല്ലാരും പരിഹസിച്ചു. ഇങ്ങനെ ഒരു മടിയാണ് ആണല്ലോ അടിസ്ഥാന സൗകര്യം ഏൽപ്പിച്ചതെന്നും പറഞ്ഞു അവർ തമ്മിൽ ചിരിച്ചു. ധ്രിതിന്റെ അടുത്ത് നിന്ന് അൽപ്പം മാറിയപ്പോൾ അവർ കാണുന്നത് കാടിന് ചുറ്റും അവൻ കുഴിച്ചിട്ട കുഴികളും, അതിൽ നിറഞ്ഞു നിൽക്കുന്ന ജലവുമാണ്. സന്തോഷം കൊണ്ട് തിരികെ ധൃതിനെ അന്വേഷിച്ചു അവർ തിരികെ പോയി. അവിടെ ക്ഷീണിതൻ ആയി ഇരിക്കുന്ന ധൃതിനെ കണ്ടു അവർ മാപ്പു പറഞ്ഞു.
"എനിക്ക് നിങ്ങളോടു ഒരു ദേഷ്യവുമില്ല. അവർ കൊട്ടിഘോഷിക്കുന്ന പോലെ ബഹളം ഉണ്ടാക്കി നടന്നിരുന്നേൽ എനിക്ക് ഈ മഴക്കുഴികൾ ഉണ്ടാക്കാൻ കഴിയില്ലായിരുന്നു. അവർ അവിടെ സ്റ്റണ്ടും ഡയലോഗും അടിച്ചപ്പോൾ ഞാൻ ഇവിടെ പണി എടുക്കുക ആയിരുന്നു, നിശബ്ദം ആയി" ധൃതൻ ഈ വാക്കുകൾ പറയുമ്പോളും അവന്റെ മൂക്കിന്റെ അറ്റത്തു നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു, കഴിഞ്ഞ 20 വർഷം അയാൾ ചെയ്ത പണിയുടെ തെളിവ്.