26/07/2021
ഗദ്യകവിത
ഉറുമ്പിന്റെ മരണം
അകാലത്തിൽ മരിച്ച
ശവംതീനി ഉറുമ്പ്
അടുത്തിടെ അപമൃത്യുവരിച്ച യുവാവിന്റെ ശരീരം മുഴുവൻ അരിച്ച് പെറുക്കുന്നു..
ഉറുമ്പിന്റെ സ്വന്തം മരണ രഹസ്യം തേടിയിള്ള തിരച്ചിൽ..
പരലോകത്തെ ചോദ്യശരങ്ങളെ നേരിടുവാനുള്ള ഉത്തരങ്ങൾ തേടിയാണീ പരതൽ..
മൂക്കിനുള്ളിൽ മുഴുവൻ
വിഷമാലിന്യ മാറാലകൾ കെട്ടുപിണഞ്ഞു കിടക്കുന്നു..
ചുടചോരച്ചൂരിന്റെയും, വഴിവക്കിലും,പുഴയിലും,ചുറ്റുവട്ടങ്ങളിലും കുമിഞ്ഞുനാറുന്ന രൂക്ഷഗന്ധവും എരിഞ്ഞു കേറുന്നു..
ചെവികളിൽ,പ്രാക്കും,അശ്ലീലത്തെറികളും,
ഇരകളുടെ ആർത്തവിലാപങ്ങളും പ്രകമ്പനം കൊള്ളുന്നു..
നാവുമുഴുവൻ
ക്രൂരതയുടെ പൈശാചിക വാക്യങ്ങൾ എഴുതി കുത്തിനിറച്ചിരിക്കുന്നു.
ചുണ്ടുകളിൽ,
തെരുവുവേശ്യമുതൽ
പെൺകുരുന്നുകളുടെവരെ ചുടുരക്തം ക്ലാവ് പിടിച്ചുണങ്ങിയിട്ടുണ്ട്..
തലച്ചോറിൽ
മൃഗീയചിന്താമുകുളങ്ങൾ തഴച്ചുവളർന്നിരിക്കുന്നു..
കണ്ണുകളിൽ
വികൃതമായ ചുവന്ന നഗ്ന ചിത്രങ്ങൾ പതിഞ്ഞിരിക്കുന്നു..
കണ്ണുനീർക്കുഴികളിൽ രക്തംകുറുകി നിറഞ്ഞിരിക്കുന്നു..
ആയുധങ്ങൾ രാകിമിനുക്കുന്ന ആലകളിലെ തീപ്പൊരികൾ ഇടയ്ക്കിടെ മിന്നിമറയുന്നു..
ഹൃദയം പകുതി കൊഴുപ്പടഞ്ഞ്..
മറുപകുതി ചിന്നിച്ചിതറിയതാണ്..
കരൾ ദ്രവിച്ചുണങ്ങി ശുഷ്കിച്ചതാണ്..
മരിച്ചുവീണ പ്രണയാക്ഷരങ്ങൾ
ചിതലരിച്ചു കിടപ്പുണ്ട്..
കാല്പാദങ്ങളിൽ ഗർഭിണികളുടെ അടിവയറ്റിലെ ഭ്രൂണങ്ങളുടെ സ്പന്ദനങ്ങളുണ്ടായിരുന്നു..
ആമാശയം
വിഷങ്ങളടിഞ്ഞുകൂടി
തുളകൾ വീണ് ചീർത്തിരിക്കുന്നു..
ജനനേന്ദ്രിയം
ആർത്തവരക്തക്കറയാൽ തടിച്ചു കൊഴുത്തിരിക്കുന്നു.
ഉറുമ്പ്..
മരണകാരണം
കണ്ടെത്തിയത്
ഇരയ്ക്കും, വേട്ടക്കാരനുമിടയിൽ
സ്വാർത്ഥനായ് ഒളിച്ചുകടന്നതിന്റെ കൊടും പകയിൽ ഞെരിച്ചമർത്തി കൊന്നതാണത്രേ...
സതീഷ്അയ്യർ പുനലൂർ.