22/03/2026
ഇന്നലെ (21.03.26) ഉച്ചകഴിഞ്ഞു തളിപ്പറമ്പ് വഴി വരുമ്പോൾ കത്തുന്ന പൊരിവെയിലിൽ റോഡരികിലൂടെ ഒരാൾ ബാഗും തൂക്കി ഫോൺ ചെയ്തു കൊണ്ട് വിയർത്തൊഴുകി അതിവേഗം നടക്കുന്നു. ഞങ്ങൾ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സഖാവ് പി. രവിയേട്ടൻ. കണ്ടപ്പോൾ, ഞാൻ വണ്ടി നിർത്തി വിളിച്ചു കൂടെ കയറ്റി.
കയറിയപ്പോൾ തന്നെ സഖാവ് "നിങ്ങൾ പൂവ്വം വരെ ഉണ്ടല്ലോ, എന്നെ ഒന്ന് ഒടുവള്ളി വരെ ആക്കണം" ന്ന് ഒരു സ്നേഹം നിറച്ച കല്പനയും(😍). എവിടെയൊ സംഘടനാ പരിപാടിയിൽ പങ്കെടുത്തുളള ഓട്ടമാണ് അടുത്ത പരിപാടിയിലേക്ക്. ഒടുവള്ളി പ്രവാസി കൺവെൻഷനിൽ പങ്കെടുത്ത് തിരിച്ച് വന്ന് കൂവോട് LDF കൺവെൻഷനിൽ പങ്കെടുക്കണം. ബസിലാണ് യാത്ര എല്ലാം. ഒരു ജ്യേഷ്ഠ സഹോദരൻ അനിയനോട് ആവശ്യപ്പെടുന്നതായി തോന്നി, ഏറ്റവും സന്തോഷത്തോടെ അനുസരിച്ചു. അതുപോലൊരു മനുഷ്യൻ അത്യപൂർവമായി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ മറ്റെന്തും മാറ്റിവെച്ച് കൂടെ നിൽക്കാനേ ഞങ്ങൾക്ക് സാധിക്കൂ. കാരണം, സഖാവായി സഹോദരനായി ചുറ്റുമുള്ളവർക്ക് വേണ്ടിയുള്ള ഓട്ടമാണ്, ആ മനുഷ്യന്റെ ഓരോ മിനുട്ട്കളും.
നാലര പതിറ്റാണ്ടിൽ അധികമായി ഉള്ള പൊതുപ്രവർത്തനം..തന്റെ ബാല്യം മുതൽ സംഘടനാ പ്രവർത്തനത്തിനു വേണ്ടി സമർപ്പിച്ച ജനകീയ വ്യക്തിത്വം..
ബാലസംഘം യൂണിറ്റ് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെ, DYFI യൂണിറ്റ്, വില്ലജ്, ബ്ലോക്ക് സെക്രട്ടറി ( തളിപ്പറമ്പ-ആലക്കോട് ), ജില്ലാ സെന്റർ, സിപിഐ എം ബ്രാഞ്ച് സെക്രെട്ടറി, ലോക്കൽ ( ചപ്പാരപടവ്, തടിക്കടവ) സെക്രെട്ടറി,കർഷകസംഘം ഏരിയ സെക്രട്ടറി ജില്ലാ കമ്മിറ്റി,ആലക്കോട് ഏരിയ സെന്റർ എന്നീ നിലകളിലായി ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ താഴെ തട്ടിൽ നിന്നും പ്രവർത്തിച്ചു ഉയർന്നുവന്ന് ഏറ്റെടുത്ത പാർട്ടി ചുമതലകൾ...പ്രവർത്തനങ്ങൾ..
ഇതിനിടയിൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാത്രമാണ് പാർലമെന്ററി രംഗത്ത് ഒരേ ഒരു അവസരം നല്കപ്പെട്ടത്, ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷനിൽ മത്സരിച്ചത്. എതിരാളികൾക്ക് വലിയ സ്വാധീനം ഉള്ള മേഖലയിൽ നിന്നു പോലും ലഭിച്ച വോട്ട് രവിയേട്ടൻ പൊതു ജനങ്ങളിൽ എത്രമാത്രം സ്വീകാര്യൻ ആണെന്ന് തെളിയിക്കുന്നതായിരുന്നു. ജയസാധ്യത കുറഞ്ഞ ഇടത്ത് നിന്നും തിളക്കമാർന്ന വിജയം. ജനകീയ വ്യക്തിത്വം നേടിയെടുത്തത് തന്നെയായിരുന്നു അത്. പ്രവർത്തകരിലും തങ്ങളുടെ കൂടെയുള്ള പ്രിയപ്പെട്ട ആൾ എന്ന ബോധം ആ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആവേശം ഇരട്ടിപ്പിച്ചു
പ്രസ്ഥാനത്തെ നെഞ്ചേറ്റി, പ്രവർത്തിച്ചും നയിച്ചും തികഞ്ഞ ഒരു സഖാവായി , പാർട്ടിക്കാരനായി പതിറ്റാണ്ടുകളായി മുന്നോട്ട് പോകുന്ന സഖാവ്, അർഹിക്കുന്ന പരിഗണന കിട്ടാത്ത ഒരാളല്ലേ എന്ന ചിന്ത പലപ്പോഴും എനിക്ക് ഉണ്ടായിട്ടുണ്ട്..
എന്നാൽ ഇന്നും യാത്രയിൽ കൂടുതലും ഫോണിലൂടെ ദേശാഭിമാനി ചേർക്കുന്നതിന്റെയും, ജോൺ ബ്രിട്ടാസ് പങ്കെടുക്കുന്ന തിരെഞ്ഞെടുപ്പ് പ്രചാരണ പരിപാടി വിജയിപ്പിക്കുന്നതിന്റയും വൃദ്ധരും അവശരുമായവർക്ക് വോട്ട് ചെയ്യുവാനുള്ള അവസരം ഉറപ്പുവരുത്തുന്നതിന്റെയുമൊക്കെ തിരക്കിൽ തന്നെ.. പൂർണ്ണമായ സഘടനാ പ്രവർത്തനം.
ഇങ്ങനെ എത്രയോ സഖാക്കൾ ഒരു സ്ഥാനമാനവും പ്രതീക്ഷിക്കാതെ, തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പ്രസ്ഥാനത്തിനുവേണ്ടി സമർപ്പിച്ചു, കഠിനമായ ജീവിതം പ്രതിസന്ധികളെ തരണം ചെയ്ത്, അവനവനെ പറ്റി ചിന്തിക്കാതെ, വെയിലും മഴയും ഏറ്റ് പ്രവർത്തന വഴിയിൽ സ്വയം സമർപ്പിച്ചു പോകുന്നിടത്താണ്, അവഗണന അറിയാതെ,
ഈ പാർട്ടിയിൽ ആയിരുന്നു എന്ന ഒരേ ഒരു കാര്യം കൊണ്ട് പരിഗണന മാത്രം കിട്ടിയ, വർഷങ്ങളോളം ഒന്നിന് പിന്നെ ഒന്നായി സ്ഥാനമാനങ്ങളും അവസരങ്ങളും നേടി, നിരന്തരമായി AC കാറുകളിൽ സുഖിച്ചു സഞ്ചരിച്ച, ഔദ്യോഗിക പദവിക്കുള്ള രണ്ടു കാറുകൾ വരെ വീട്ടുമുറ്റത്ത് ഇട്ട് തരാതരം ഉപയോഗിച്ച് സുഖിച്ച, ഈ പാർട്ടി നൽകിയതാണ് ഇതൊക്കെയെന്ന് മറന്നു അവനവനു കൂടുതൽ സ്ഥാനങ്ങളും സൗകര്യങ്ങളും വേണമെന്ന് മാത്രം ഉള്ളിൽ കൊണ്ട് നടക്കുന്ന, ഇനിയുമിനിയും, ഇപ്പൊത്തന്നെ എന്ന ചിന്തയിൽ, കിട്ടുന്നില്ലെങ്കിൽ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു ഒറ്റികൊടുക്കുന്ന സുഖ ലോലുപന്മാരെ വർഗ വഞ്ചകർ എന്നല്ലാതെ മറ്റെന്തു വിളിക്കണം...
രവിയേട്ടനേ പോലെയുള്ള പൂർണ്ണമായും പാർട്ടിയായി, ജനസേവനമാണ് തങ്ങളുടെ സുഖമെന്ന് കരുതി ഈ പാർട്ടിക്കുവേണ്ടി ജീവിതം സമർപ്പിച്ച സഖാക്കൾ നയിക്കാൻ ഉള്ളപ്പോൾ, അവർക്ക് ബലമായി ഈ പാർട്ടിയും, പിന്നിൽ ഞങ്ങൾ സഖാക്കളും ഉള്ളപ്പോൾ
അധികാരമോഹത്തിന്റെ അവസരവാദ 'കളം'പാട്ടുകാർക്ക് ഈ പാർട്ടിയേ ഒരു ചുക്കും ചെയ്യാനാവില്ല. ✊
Nb:- കലവറയിൽ നല്ലതുണ്ടാകുമ്പോ കെട്ട കുമ്പളങ്ങ ആരെങ്കിലും കൂട്ടാൻ വെക്കാൻ എടുക്കുമോ..
അപ്പൊ 'ടി കെ - ഹേ' പാക്കലാം
ഐ. വി.