21/01/2026
അരുവിയുടെ മറുവശം (Short Story)....
മലയോര പ്രദേശത്തെ ആ ചെറിയ റിസോർട്ടിലേക്ക് അവർ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.
നഗരത്തിന്റെ ശബ്ദവും തിരക്കും മറികടന്ന്, പച്ചപ്പും തണുപ്പും നിറഞ്ഞ ഒരു ലോകത്തിലേക്ക് കടന്നതുപോലെ അവർക്കു തോന്നി.
റിസോർട്ടിനടുത്ത് മറ്റൊരു വീടുപോലും ഇല്ലായിരുന്നു.
വനാതിർത്തിയോട് ചേർന്ന ഒറ്റപ്പെട്ട സ്ഥലം.
അവിടെ ഉണ്ടായിരുന്നത് ഒരു സഹായി മാത്രം — വൈകുന്നേരം സ്വന്തം വീട്ടിലേക്കു മടങ്ങുന്ന ഒരാൾ.
അയാൾ ഒരു മിതഭാഷിയായിരുന്നു.
ചിരിയുമില്ല.
ചോദ്യങ്ങൾക്ക് ചുരുങ്ങിയ മറുപടികൾ മാത്രം.
വൈകുന്നേരം വരെ അവർ മദ്യവും പാട്ടുമായി ആഘോഷിച്ചു.
അല്പം മാറി ഒരു ചെറിയ അരുവി ഉണ്ടെന്ന് അറിഞ്ഞപ്പോൾ, എല്ലാവർക്കും അവിടേക്ക് പോകണമെന്ന തോന്നൽ വന്നു.
അരുവിക്കപ്പുറം കാടായിരുന്നു.
കാടിനും അരുവിക്കും നടുവിൽ പഴകിയ ഒരു ഇരുമ്പ് വേലി.
അത് കണ്ടപ്പോൾ തന്നെ ഒരു അസ്വസ്ഥത തോന്നിയെങ്കിലും, മദ്യം ആ ചിന്തയെ മൂടി.
അരുവിയിൽ കുളിയും മദ്യപാനവുമായി
സമയം കടന്നു പോയി.
തിരികെ വന്നപ്പോൾ സഹായി ഭക്ഷണം ഒരുക്കിയിരുന്നു.
അയാൾ പോകാൻ ഒരുങ്ങുമ്പോൾ, പെട്ടെന്ന് പറഞ്ഞു:
“ഇരുട്ടായാൽ… ആ അരുവിക്കരയിൽ പോകണ്ട.”
അവന്റെ ശബ്ദത്തിൽ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു.
ചോദിക്കാൻ അവർ ശ്രമിച്ചില്ല.
ഏകദേശം ആറുമണിക്ക് അയാൾ പോയി.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരാൾ പറഞ്ഞു:
“ഒരിക്കൽ കൂടി അരുവിക്കരയിൽ പോയി സിഗരറ്റു വലിക്കാം.”
ഇരുട്ട് പതുക്കെ വീണു തുടങ്ങിയിരുന്നു.
നിലാവെളിച്ചം ഉണ്ടായിരുന്നു.
ടോർച്ചുകളും കൈയിൽ ഉണ്ടായിരുന്നു.
അരുവിക്കരയിൽ എത്തിയപ്പോൾ, അരുവിക്കപ്പുറം കാട് മുഴുവനായും കറുപ്പിൽ മുങ്ങിയിരുന്നു.
അവിടെ ഒന്നും കാണാനായില്ല.
പക്ഷേ… ആരോ അവിടെ ഉണ്ടെന്ന പോലെ.
അവർ വീണ്ടും ഇരുന്നു.
മദ്യകുപ്പികൾ തുറന്നു.
അപ്പോൾ…
ഒരു തണുത്ത കാറ്റ്.
അസാധാരണമായ തണുപ്പ്.
അതോടൊപ്പം…
ഒരു ഗന്ധം.
ചീഞ്ഞ ഗന്ധം.
മരണത്തിന്റെ ഗന്ധം.
അവർ മുഖങ്ങൾ തിരിച്ചു.
ചുറ്റും നോക്കി.
ആ ഗന്ധം കൂടി, കൂടി കൂടി വന്നു.
അപ്പോൾ ഒരാൾ അരുവിയിലേക്കു കൈ ചൂണ്ടി പറഞ്ഞു:
“നോക്ക്… എന്തോ ഒഴുകി വരുന്നു.”
നിലാവെളിച്ചത്തിൽ, അരുവിയുടെ നടുക്കിലൂടെ എന്തോ പതുക്കെ ഒഴുകി വരുന്നത് അവർ കണ്ടു.
ആദ്യമത് എന്താണെന്ന് മനസിലായില്ല.
അവർ അടുത്തേക്ക് നീങ്ങി.
ടോർച്ച് അടിച്ചു.
അടുത്ത നിമിഷം…
ശ്വാസം മുട്ടി.
അത് ഒരു മൃതദേഹം ആയിരുന്നു.
കറുത്ത തുണി ചുറ്റികെട്ടിയ നിലയിൽ.
വെള്ളത്തിൽ കുതിർന്ന, വീര്‍ത്ത ശരീരം.
ചീഞ്ഞ ഗന്ധം അസഹ്യമായി.
അത് അവരുടെ മുന്നിലൂടെ ഒഴുകി കടന്നു പോയി.
പെട്ടെന്ന്…
ആ മൃതദേഹം തിളങ്ങാൻ തുടങ്ങി.
അസാധാരണമായ പ്രകാശം.
വെള്ളത്തിനടിയിൽ നിന്ന് തന്നെ വെളിച്ചം പൊട്ടിപ്പുറപ്പെടുന്നതുപോലെ.
അടുത്ത നിമിഷം,
അത് വെള്ളത്തിനടിയിലേക്ക് താഴ്ന്നു… അപ്രത്യക്ഷമായി.
അരുവി വീണ്ടും ശാന്തം.
ആർക്കും സംസാരിക്കാൻ കഴിഞ്ഞില്ല.
അവർ ഓടി.
റിസോർട്ടിലോട്ട്.
റൂമിൽ കയറി വാതിൽ അടച്ചു.
ലോക്ക് ചെയ്തു.
അകത്ത് ഇരുന്നു അവർ കണ്ടത് ഓർത്തു.
അപ്പോൾ…
റൂമിന്റെ ജനാലയ്ക്ക് പുറത്തുനിന്ന്,
വെള്ളം ചാടുന്ന ശബ്ദം.
അരുവിയുടെ ശബ്ദം അല്ല.
ജനാലയിലേക്ക് അടുത്തപ്പോൾ,
കറുത്ത കാടിന്റെ അതിരിൽ…
ഒരാൾ നിൽക്കുന്നതുപോലെ.
കറുത്ത തുണി ചുറ്റിയ ഒരു നിഴൽ.
നിലാവെളിച്ചത്തിൽ…
അവൻ ചിരിച്ചു.
അപ്പോൾ അവർക്കു മനസ്സിലായി…
അരുവിയിൽ കണ്ടത് ഒഴുകി പോയതല്ല.
അത് അവരെ പിന്തുടർന്നതാണ്.
തുടരും....