14/05/2026
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന വി.ഡി. സതീശന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി ഹൃദ്യമായ അഭിവാദ്യങ്ങള്‍ നേരുന്നു. രാഷ്ട്രീയ ചടുലതയോടൊപ്പം അദ്ദേഹം പുലര്‍ത്തിയ തത്വാധിഷ്ഠിത നിലപാടുകള്‍ക്ക് കേരള ജനത നല്‍കിയ ഉജ്ജ്വലമായ അംഗീകാരമാണ് ഈ മുഖ്യമന്ത്രി പദം.
പത്ത് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തോടുള്ള ജനങ്ങളുടെ അമര്‍ഷത്തെ കൃത്യമായി ഏകോപിപ്പിക്കാനും, യു.ഡി.എഫിനെ ഒരു 'ടീം' ആയി മാറ്റി ജനങ്ങളില്‍ ആത്മവീര്യം പകരാനും അദ്ദേഹത്തിന് സാധിച്ചു. കേവലമായ രാഷ്ട്രീയ മെയ്വഴക്കങ്ങള്‍ക്കപ്പുറം, ഭരണകൂടത്തിന്റെ വീഴ്ചകളോട് ഇഞ്ചോടിഞ്ച് പൊരുതാനുള്ള ആര്‍ജ്ജവവും ആത്മവിശ്വാസവുമാണ് സതീശനില്‍ വിശ്വാസമര്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.
നാടിന്റെ നട്ടെല്ലൊടിക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പുതിയ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനും നിലവിലെ മദ്യനയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പുതിയ മുഖ്യമന്ത്രിക്ക് സാധിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ ആകുലതകള്‍ക്ക് പരിഹാരം കണ്ടും മുന്നോട്ട് പോയാല്‍, സംഘ്പരിവാര്‍ ഭീഷണി നേരിടുന്ന രാജ്യത്തിന് തന്നെ വഴികാട്ടിയാകാന്‍ ഈ 'കേരള മോഡലിന്' സാധിക്കും.
നമ്മുടെ യുവതലമുറയുടെ വലിയ അഭിലാഷങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും പുതിയ സര്‍ക്കാര്‍ കരുത്തുപകരുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കാനും യുവാക്കള്‍ക്ക് അര്‍ഹമായ തൊഴില്‍ സാഹചര്യങ്ങള്‍ നാട്ടില്‍ തന്നെ ഒരുക്കാനും പ്രത്യേക ശ്രദ്ധയുണ്ടാകണം. യുവത്വത്തിന്റെ സര്‍ഗ്ഗാത്മകതയെ നാടിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുന്ന തൊഴില്‍ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ പുനഃസ്ഥാപിക്കപ്പെടണം. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഭരണകൂടമായി മാറാന്‍ സതീശന്‍ സര്‍ക്കാരിന് കഴിയട്ടെ.
വികസന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ മനുഷ്യര്‍ക്ക് ഒരുമയോടെയും മനസ്സമാധാനത്തോടെയും ജീവിക്കാവുന്ന സുരക്ഷിതമായ സാമൂഹ്യാന്തരീക്ഷം ഉറപ്പുവരുത്താന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ. തന്റെ പ്രഖ്യാപിത നിലപാടുകള്‍ മാറ്റമില്ലാതെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായാല്‍ കേരളം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. ജനവികാരം തൊട്ടറിഞ്ഞ ഈ പുതിയ യാത്രയ്ക്ക് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് സോളിഡാരിറ്റി എറണാകുളം ജില്ലാ കമ്മിറ്റിയുടെ എല്ലാവിധ ആശംസകളും നേരുന്നു.
എന്ന്
ഫാസില്‍ റഹമാന്‍
പ്രസിഡന്റ്, സോളിഡാരിറ്റി